'പ്രിയ വര്‍ഗീസിന് നിയമനം ലഭിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാല്‍'; രാഷ്ട്രീയമായി നേരിടുമെന്ന് ഗവര്‍ണര്‍

നിയമനവിവാദത്തില്‍ പ്രിയ വര്‍ഗീസിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യോഗ്യതയില്ലാത്തയാളെ അധ്യാപികയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ആയതിനാലാണ്. അതാണ് രാഷ്ട്രീയം. അതിനാല്‍ താനും വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് എതിരെയും ആരിഫ് മുഹമ്മദ് ഖാന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സ്വജനപക്ഷപാതം കണ്ടത് കൊണ്ടാണ് നിയമന നടപടി റദ്ദാക്കിയത്. നിയമനം സ്റ്റേ ചെയ്ത നടപടി നിയമപരമാണ്. തനിക്കെതിരെ കോടതിയില്‍ പോകാന്‍ വിസിക്ക് കഴിയുമോയെന്നും ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.

തന്റെ തീരുമാനത്തിന് എതിരെ ആര്‍ക്കും കോടതിയെ സമീപിക്കാമെന്ന് പറഞ്ഞ ഗവര്‍ണര്‍ തനിക്ക് കീഴിലുള്ളവര്‍ നിയമവഴി തേടുന്നത് അച്ചടക്ക ലംഘനമാണോയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. അതേസമയം ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കണ്ണൂര്‍ സര്‍വകലാശാല ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചേക്കും. നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്റിക്കേറ്റ് യോഗം വിസിയെ ചുമതലപ്പെടുത്തിയിരുന്നു.

Read more

കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാവര്‍ഗീസിന് മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കാനുള്ള നടപടികള്‍ സ്റ്റേ ചെയ്ത ഗവര്‍ണറുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് നിയമോപദേശം ലഭിച്ചത്. വിസിക്ക് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കാതെയാണ് ഗവര്‍ണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതു നിയമവിധേയമല്ലെന്നാണു നിയമോപദേശം. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്റ്റേ ചെയ്തത്.