'ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല': വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും മോദിയുടെ ചിത്രം നീക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിങ്കളാഴ്ച ഹൈക്കോടതി തള്ളി. “മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് ഹർജിക്കാരൻ ലജ്ജിക്കുന്നത്. 100 കോടി ജനങ്ങൾക്ക് ഇല്ലാത്ത എന്ത് പ്രശ്‌നമാണ് ഹർജിക്കാരനുള്ളത്?” കോടതി ചോദിച്ചു.

എന്ത് രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടെങ്കിലും നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന് കോടതി ഓർമ്മിപ്പിച്ചു. ഹർജിക്കാരൻ കോടതിയുടെ സമയം പാഴാക്കുകയാണെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. നേതാക്കളുടെ പേരിൽ രാജ്യത്ത് സർവകലാശാലകളും മറ്റും ഉണ്ടെന്നും ഇതാരും പ്രശ്നമാക്കാറില്ലെന്നും കോടതി അറിയിച്ചു. ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചു.