'കേരളത്തില്‍ പൊലീസ് രാജ്': പ്രതിഷേധം അറിയിച്ച് എ.ഐ.എസ്.എഫ്

കേരളത്തില്‍ പൊലീസ് രാജെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുണ്‍ ബാബു. മോഫിയ കേസില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പ്രതികരണം. പൊലീസ് നടപടിയില്‍ പ്രതിഷേധം അറിയിക്കുന്നതായി അരുണ്‍ ബാബു ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കേസില്‍ ആരോപണവിധേയനായ സിഐ സുധീറിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് ആലുവ എസ്പി ഓഫീസിന് മുന്നില്‍ മോഫിയയുടെ സഹപാഠികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. എസ്പിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം തുടങ്ങിയത്. തുടര്‍ന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അല്‍ അസര്‍ ലോ കോളജിലെ 23 വിദ്യാര്‍ത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു.

എന്നാല്‍ യാതൊരു പ്രകോപനവും കൂടാതെയാണ് തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പൊലീസിന്റെ വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റം വളരെ മോശമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. സമരം ചെയ്തതിന് തങ്ങളെ ഭീഷണിപ്പെടുത്തി. എല്‍എല്‍ബി ഭാവി നശിപ്പിക്കുമെന്നും പൊലീസ് പറഞ്ഞതായി അവര്‍ പറഞ്ഞു.

അതേസമയം മോഫിയയുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ ആലുവ സി.ഐ സുധീറിനെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ഡിജിപിയുടെ നടപടി. സി.ഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. കൊച്ചി ഈസ്റ്റ് ട്രാഫിക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.