'ഓപ്പറേഷന്‍ സൈലന്‍സ്; ' കോഴിക്കോട് സൈലന്‍സര്‍ അള്‍ട്ടറേഷന്‍ നടത്തിയ 36 വാഹനങ്ങള്‍ക്ക് എതിരെ നടപടി

കോഴിക്കോട് ‘ഓപ്പറേഷന്‍ സൈലന്‍സില്‍’ കുടുങ്ങി 36 വാഹനങ്ങള്‍. അനധികൃതമായി സൈലന്‍സര്‍ അള്‍ട്ടറേഷന്‍ നടത്തിയ 36 വാഹനങ്ങള്‍ക്കെതിരെയാണ് നടപടി എടുത്തത്.ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് കോഴിക്കോട് ജില്ലയില്‍ മാത്രം നടത്തിയ പരിശോധനയിലാണ് നടപടി.

ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാത്തവ ഉള്‍പ്പടെ 131 വാഹനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 3,51,390 രൂപ പിഴയായി ഈടാക്കി. കോഴിക്കോട് ആര്‍.ടി.ഒ സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വാഹനങ്ങളില്‍ അനധികൃതമായി സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങളെ പിടികൂടാനാണ് ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ പരിശോധന ശക്തമാക്കിയത്. ഇതിന് പുറമേ ഹാന്‍ഡില്‍ ബാറില്‍ മാറ്റങ്ങള്‍ വരുത്തുക, രൂപ മാറ്റം വരുത്തുക, ഹെഡ്ലൈറ്റിന് വെളിച്ചം കൂട്ടുക എന്നിവയിലും നടപടി ഉണ്ടാകും.

18ാം തിയതി വരെ പരിശോധന തുടരാനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.