'സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തില്ല', വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന് അറിയിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. വേനല്‍ കടുത്തതോടെ വൈദ്യുതിയുടെ ഉപയോഗം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല. വേനലിനെ നേരിടാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയതായി മന്ത്രി അറിയിച്ചു.

ഡാമുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം അധികം വെള്ളം ഉണ്ട്. വേനല്‍ മഴ പെയ്യുന്നത് ആശ്വാസകരമാണ്. വരും ദിവസങ്ങളില്‍ മഴ ലഭിച്ചാല്‍ ഗുണകരമാകും. ആറ് മുതല്‍ പത്ത് വരെയുള്ള സമയത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് വര്‍ദ്ധനയിലാണ്. 89.64 ദശലക്ഷം യൂണിറ്റിലെത്തി.

ഹൈഡ്രല്‍ പ്രൊജക്റ്റിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പീക്ക് അവറില്‍ 3000 മെഗാവാള്‍ട്ടിന്റെ കുറവുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 198 മെഗാവാള്‍ട്ടിന്റെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ശ്രമം.

പകല്‍ സമയത്ത് സോളാര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയും, രാത്രിയിലെ ഉപഭോഗം കുറയ്ക്കുകയും ചെയ്താല്‍ പവര്‍കട്ട് ആവശ്യമാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.