'എം.എം മണിയുടെ പ്രസ്താവന സ്ത്രീവിരുദ്ധം, അപലപനീയം'; സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ആനി രാജ

എം എംമണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ മറുപടിയുമായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ. പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധവും അപലപനീയവുമാണ്. അവഹേളനം ശരിയോ എന്ന് മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയപ്രസ്ഥാനം ആലോചിക്കണം. വര്‍ഷങ്ങളായി സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡല്‍ഹിയില്‍ നടത്തുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളമാണ് തന്റെ തട്ടകം. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് എട്ടാമത്തെ വയസിലാണ്. മോദിയും അമിത് ഷായും നോക്കിയിട്ട് തന്നെ ഭീഷണിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും എം എം മണിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ആനി രാജ പറഞ്ഞു. സ്ത്രീപക്ഷ രാഷ്ട്രീയമാണ് താന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മണിക്ക് എതിരെ പ്രതികരിച്ചതെന്നും ആനി വ്യക്തമാക്കി.

നിരവധി വെല്ലുവിളികള്‍ അതിജീവിച്ചു കൊണ്ടാണ് കേരളത്തില്‍ നിന്നും ഉത്തരേന്ത്യയില്‍ എത്തി നില്‍ക്കുന്നത്. വനിതാ രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റും. ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താനെന്നും അവര്‍ പറഞ്ഞു.

ആനി രാജ ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കുന്നത്. അവര്‍ക്ക് കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയില്ലല്ലോ. ആനി രാജയുടെ വാക്കുകള്‍ കണക്കിലെടുക്കുന്നില്ലെന്നുമാണ് എം എം മണി പറഞ്ഞത്. കെ കെ രമയ്ക്ക് എതിരെ എം എം മണി നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്ന് ആനി രാജ നേരത്തെ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എം എം മണിയുടെ അധിക്ഷേപ പരാമര്‍ശം.