'എം.ബി.ബി.എസുകാര്‍ എം.ബി.ബി.എസ് ചികിത്സ മാത്രം ചെയ്താല്‍ മതി'; വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് എ.എന്‍ ഷംസീര്‍

എം.ബി.ബി.എസ്. ഡിഗ്രി ഉള്ളവര്‍ എം.ബി.ബി.എസ് ചികിത്സ മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന സഭയിലെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എ എന്‍ ഷംസീര്‍ എം എല്‍ എ വ്യാജ വൈദ്യത്തിന് എതിരായുള്ള നിയമനിര്‍മ്മാണ അവതരണ വേളയില്‍ ഷംസീര്‍ നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

എം.ബി.ബി.എസ് ബോര്‍ഡും വെച്ച് പീടിയാട്രിക്‌സും ഗൈനക്കോളജിയും അടക്കമുള്ള ചികിത്സ നടത്തുന്ന കള്ളനാണയങ്ങളെ നമുക്ക് തിരിച്ചറിയാന്‍ കഴിയണമെന്നാണ് ഷംസീര്‍ സഭയില്‍ പറഞ്ഞത്. അവര്‍ ജനറല്‍ മെഡിസിനോ, നെഫ്രോളജിയോ, സൂപ്പര്‍ സ്പെഷ്യാലിറ്റിയോ നേടിയ ചികിത്സാരീതികള്‍ നല്‍കാന്‍ പാടില്ലെന്നും അത് തടയപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ സംഭവിച്ചത് നാക്കു പിഴയാണെന്നും അതുണ്ടാക്കിയ വേദനയില്‍ താന്‍ മാപ്പു പറയുന്നുവെന്നും ഷംസീര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. തന്റെ പ്രസംഗത്തില്‍ എംബിബിഎസ് ഡോകര്‍മാരെ ആക്ഷേപിക്കുന്ന തരത്തില്‍ തെറ്റിദ്ധാരണ ഉളവാക്കുന്ന പരാമര്‍ശങ്ങള്‍ കടന്നു വന്നുവെന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ നിയമസഭാ രേഖകളില്‍ തിരുത്താന്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

എംബിബിഎസ് ബിരുദം നേടിയ ചിലര്‍ പിജിയുണ്ടെന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന പല കേസുകളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് തടയണമെന്നുമാണ് താന്‍ ഉദ്ദശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.