'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ നടത്തട്ടെ, ചെറുപ്പക്കാര്‍ക്കൊക്കെ അത് വലിയ ആഗ്രഹമല്ലേ, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അനുമതി നല്‍കുമെന്ന് വി ഡി സതീശന്‍

‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് തമ്പ്നൈലിലും ക്യാപ്ഷനിലും എഴുതിക്കൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ റീല്‍. വാഹനങ്ങളില്‍ അപകടകരമല്ലാത്ത മോഡിഫിക്കേഷന്‍ നടത്തുന്നത് തെറ്റല്ലെന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇതിന് അനുമതി നല്‍കുമെന്നുമാണ് വി ഡി സതീശന്‍ ഇന്‍സ്റ്റഗ്രാം റീലില്‍ പറയുന്നത്.

വാഹനങ്ങള്‍ മോഡിഫൈ ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളുള്ള സംസ്ഥാനമാണ് കേരളം. അതിനാല്‍ തന്നെ വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ക്ക് അതിന് സാധിക്കാറില്ല. അങ്ങനെ മോഡിഫൈഡ് വാഹനം ഓടിക്കാന്‍ താല്‍പര്യപ്പെടുന്ന യുവാക്കളെ മുഴുവന്‍ കയ്യിലെടുത്താണ് പ്രതിപക്ഷ നേതാവ് വാഹന മോഡിഫിക്കേഷന്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ നടത്തുമെന്ന് പറയുന്നത്.

ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചോദ്യത്തിന് മറുപടിയായി വി.ഡി. സതീശന്‍ മോഡിഫിക്കേഷനെ കുറിച്ച് സംസാരിക്കുന്നതാണ് ഉള്ളത്.

‘പ്രകടനപത്രികയില്‍ ഞങ്ങള്‍ അത് പറഞ്ഞിട്ടുണ്ട്. അപകടകരമല്ലാത്ത രീതിയില്‍ വണ്ടിയില്‍ നടത്തുന്ന മോഡിഫിക്കേഷനുകള്‍ തെറ്റല്ല. അപകടകരമായ രീതിയില്‍ വെക്കുമ്പോള്‍ മാത്രമാണ് അത് തെറ്റാകുന്നത്. അത് സമ്മതിക്കില്ല. അല്ലാതെയുള്ള മോഡിഫിക്കേഷന്‍സ് നടത്തട്ടെ. ചെറുപ്പക്കാര്‍ക്കൊക്കെ അത് വലിയ ആഗ്രഹമല്ലേ. അവരത് ഭംഗിയായി കൊണ്ടുനടക്കുന്നതല്ലേ. അത് കൊണ്ടുനടക്കട്ടെ, അതിലെന്താ തെറ്റ്?. പ്രളയസമയത്ത് അവരുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ ഉണ്ടായിട്ടുണ്ട്. അവരെല്ലാം വണ്ടിയുമായി വന്നു. പിന്നീട് അവരെ പിറകെ നടന്ന് ഉപദ്രവിക്കുന്ന രീതിയിലേക്ക് അത് മാറി. അതുകൊണ്ടാണ് യുഡിഎഫ് അത് ഗൗരവമായി ആലോചിച്ചത്.

പോസ്റ്റ് ചെയ്ത് 24 മണിക്കൂര്‍ തികയും മുമ്പ് 52 ലക്ഷം പേരാണ് റീല്‍ കണ്ടത്. പ്രതിപക്ഷനേതാവിന്റെ വാക്കുകളെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി പേരാണ് റീലിന് താഴെ കമന്റുകളിട്ടത്.