'പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുള്ള പാരിതോഷികമാണ് കെ.കെ രമയുടെ എം.എല്‍.എ സ്ഥാനം'; അധിക്ഷേപിച്ച് എളമരം കരീം

എംഎല്‍എ കെ കെ രമയ്‌ക്കെതിരെ അധിക്ഷേപവുമായി സിപിഎം നേതാവും എംപിയുമായ എളമരം കരീം. പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുള്ള പാരിതോഷികമാണ് കെ കെ രമയുടെ എംഎല്‍എ സ്ഥാനമെന്നും അതിനാല്‍ ഇത്തരമൊരു പദവി കിട്ടിയെന്നോര്‍ത്ത് അധികം അഹങ്കരിക്കേണ്ടെന്നും കരീം പറഞ്ഞു.

ഒഞ്ചിയത്ത് ചൊവ്വാഴ്ച നടന്ന സി എച്ച് അശോകന്‍ അനുസ്മരണ ചടങ്ങിലായിരുന്നു കെ കെ രമയ്‌ക്കെതിരെ എളമരം കരീമിന്റെ പരാമര്‍ശം. ഇതിന് മറുപടിയുമായി എംഎല്‍എ രംഗത്തെത്തിയിരുന്നു. നിയമസഭയില്‍ താന്‍ എടുക്കുന്ന നിലപാടാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിക്കുന്നത് എന്നായിരുന്നു കെ കെ രമയുടെ മറുപടി.

അതേസമയം പി ടി ഉഷയെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തതിന് എതിരെയും എളമരം കരീം രംഗത്തെത്തിയിരുന്നു. സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയാണുള്ളത്. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്തു. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് അദ്ദേഹം വിമര്‍ശിച്ചത്.

ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നും കരീം പറഞ്ഞിരുന്നു. പി ടി ഉഷയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.