'ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ള്'; ശ്രീറാമിനെ മാറ്റിയതില്‍ സര്‍ക്കാരിന് എതിരെ കെ സുരേന്ദ്രന്‍

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അദ്ദേഹത്തെ കളക്ടര്‍ ആയി നിയമിക്കേണ്ടിയിരുന്നോ എന്ന കാര്യത്തില്‍ തര്‍ക്കമുന്നയിക്കാന്‍ നമ്മുടെ നാട്ടില്‍ അവകാശമുണ്ട്. എന്നാല്‍ നിയമനം നല്‍കിയതിന് ശേഷം ഒരു വിഭാഗം ആളുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിച്ച നടപടി തികഞ്ഞ ഭീരുത്വമായിപ്പോയെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത് തെറ്റായ സന്ദേശം തന്നെയാണ് നല്‍കുന്നത്. ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ളുമാത്രമായിപ്പോകുന്നു. നട്ടെല്ലിന് ഉറപ്പില്ലാത്തവര്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മാധ്യമപ്രവര്‍ത്തകനായിരുന്ന ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ശ്രീരാം വെങ്കിട്ടരാമനെതിരെ കോടതി ഏതു ശിക്ഷ വിധിച്ചാലും കേരളത്തില്‍ ആരും അതിനെതിരെ രംഗത്തുവരുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ കളക്ടര്‍ ആയി നിയമിക്കേണ്ടിയിരുന്നോ എന്നകാര്യത്തിലും തര്‍ക്കമുന്നയിക്കാന്‍ നമ്മുടെ നാട്ടില്‍ അവകാശമുണ്ട്.

എന്നാല്‍ അദ്ദേഹത്തിനെ കളക്ടറായി നിയമിച്ച ശേഷം ഒരു വിഭാഗം ആളുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിച്ച നടപടി തികഞ്ഞ ഭീരുത്വമായിപ്പോയി. സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത് തെറ്റായ സന്ദേശം തന്നെയാണ് നല്‍കുന്നത്. സര്‍വ്വീസില്‍ തിരിച്ചെടുത്തയാളെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് നീതീകരിക്കാനാവില്ല. ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ളുമാത്രമായിപ്പോകുന്നു. നട്ടെല്ലിന് ഉറപ്പില്ലാത്തവര്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലായിരുന്നു.