'ഒരാള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ മറ്റൊരാളെ വിളിച്ചാല്‍ കിട്ടില്ലല്ലോ'; അലോട്ട്‌മെന്റ് പ്രശ്‌നം പരിഹരിക്കുമെന്ന് വി. ശിവന്‍കുട്ടി

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ കഴിയുന്നില്ലെന്ന പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒരുപാട് പേര്‍ ഒന്നിച്ച് സൈറ്റില്‍ കയറിയതാണ് പ്രശ്‌നത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു.

ഒരാള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ മറ്റൊരാളെ വിളിച്ചാല്‍ കിട്ടില്ലല്ലോ എന്നും മന്ത്രി പറഞ്ഞു. ഈ പ്രശ്‌നത്തെ അത്‌പോലെ കണ്ടാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തലുകള്‍ വരുത്താന്‍ നല്‍കിയ സമയപരിധി നീട്ടേണ്ടി വരില്ല. സീറ്റുകളെല്ലാം കൃത്യമായി അനുവദിച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു.

അതേസമയം അലോട്ട്മെന്റിന്റെ സമയപരിധി നീട്ടണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ആര്‍ക്കും അലോട്ട്മെന്റ് പരിശോധിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് സമയം നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഇന്നലെ വൈകുന്നേരത്തോടെ സാങ്കേതിക പ്രശ്നം പരിഹരിച്ചെന്ന് ഹയര്‍ സെക്കന്‍ഡറി ഐടി സെല്‍ അറിയിച്ചിരുന്നു. എന്നിട്ടും രാത്രിയില്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാന്‍ കഴിഞ്ഞില്ല.

ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ച് തിരുത്തലുകള്‍ വരുത്താനും ഓപ്ഷനുകള്‍ മാറ്റാനും നാളെ വൈകുന്നേരം അഞ്ചുമണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ട്രയല്‍ അലോട്ട്മെന്റ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി രാവിലെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.