'രാജി വച്ച് ഇറങ്ങി പോകണം മി. ഷിജു ഖാൻ': ബെന്യാമിന്‍

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇനിയും നാണം കെട്ട ന്യായങ്ങള്‍ പറയാന്‍ നില്‍ക്കാതെ രാജി വച്ച് ഇറങ്ങി പോകണം മി. ഷിജു ഖാന്‍’ എന്നാണ് ബെന്യാമിന്‍ തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഇത്തരം പ്രവൃത്തികള്‍ വെച്ചു പുലര്‍ത്തരുത്. ഷിജുഖാനെതിരെ ഗൗരവമായ അന്വേഷണം നടത്തണം കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണെമെന്നും ബെന്യാമിന്‍ മീഡിയാവണ്ണുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു.

അനുപമ കുഞ്ഞിന്റെ അവകാശവാദം ഉന്നയിച്ചിട്ടും ഷിജുഖാന്‍ ദത്ത് നടപടികള്‍ തുടരുകയായിരുന്നു. കുഞ്ഞിനെ ദത്ത് നല്‍കുന്നതിന് മൂന്നര മാസം മുമ്പ് മാതാപിതാക്കളുടെ സിറ്റിംഗ് നടത്തിയിട്ടും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ എന്‍ സുനന്ദയും ദത്തിന് കൂട്ടുനിന്നു. ദത്ത് തടയാന്‍ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ശിശുക്ഷേമ സമിതിയുടെ രജിസ്റ്ററില്‍ ഒരു ഭാഗം മായിച്ചു കളഞ്ഞിട്ടുണ്ട്. ദത്ത് നടപടികളില്‍ ക്രമക്കേട് നടന്നെന്ന അനുപമയുടെ വാദങ്ങള്‍ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍

മനപ്പൂര്‍വ്വം തന്നെയാണ് എല്ലാവരും ഇതില്‍ ഇടപെട്ടിരിക്കുന്നതെന്നും ആന്ധ്ര ദമ്പതികളുടെ കണ്ണീരിനും ഇവര്‍ തന്നെയാണ് ഉത്തരവാദികളെന്നും ആണ് അനുപമയുടെ പ്രതികരണം. കുറ്റക്കാരെ ഇനിയെങ്കിലും സര്‍ക്കാര്‍ പുറത്താക്കണമെന്നും സമരം ശക്തമാക്കുമെന്നും അനുപമ പറഞ്ഞു.