'ഗവര്‍ണറുടെ നിലപാടുകളെ രാഷ്ടീയപരമായി കാണരുത്', സുരേഷ് ഗോപി എം.പി

ഗവര്‍ണര്‍ക്കെതിരായ വിമര്‍ശങ്ങളില്‍ പ്രതികരണവുമായി സുരേഷ് ഗോപി എം.പി. ഗവര്‍ണര്‍ക്ക് എതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം പരഞ്ഞു. വിഷയം രാഷ്ട്രീയപരമായി കാണരുത്. ഭരണഘടന സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു.

അതി ശക്തമായ പിന്തുണയാണ് ഗവര്‍ണര്‍ക്ക്. അതൊരു ഭരണഘടന സ്ഥാപനമാണെന്നും, അതിനകത്ത് കുറച്ച് പക്വതയും മര്യാദയും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്കങ്ങള്‍ ഉണ്ടാകും അതിനെ രാഷ്ട്രീയപരമായിട്ടല്ലാതെ നേര്‍ കണ്ണോടുകൂടി കണ്ട് മനസിലാക്കണമെന്ന് എം.പി വ്യക്തമാക്കി.

ഗവര്‍ണര്‍ക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി നേരത്തെ കെ മുരളീധരന്‍ എംപി രംഗത്ത് വന്നിരുന്നു. ഒരു ഗവര്‍ണര്‍ക്ക് എത്ര തരംതാഴാം എന്നതിന്റെ ഉദാഹരണമാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് എംപി പറഞ്ഞു. ഇതിന് അവസരം ഒരുക്കി കൊടുത്തത് പിണറായി സര്‍ക്കാരാണ്. ഗവര്‍ണറുടെ നയപ്രഖ്യാപനം നടത്താന്‍ വേണ്ടി മാത്രം ഒരു ഉദ്യോഗസ്ഥനെ ബലി കൊടുക്കേണ്ടിയിരുന്നില്ലെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പൂച്ചയെ കണ്ട് പേടിച്ചാല്‍ പുലിയെ കണ്ടാല്‍ എന്താകും? മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറെ പേടിയാണ്. ഈ പേടിവെച്ച് മോദിയെയും അമിത് ഷായെയും എങ്ങനെ നേരിടും? സഭയിലെ അംഗങ്ങള്‍ക്ക് ആവശ്യമില്ലാത്തതായിരുന്നു ഗവര്‍ണറുടെ നയപ്രസംഗമെന്നും മുരളീധരന്‍ പറഞ്ഞു.

മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നത് തെറ്റല്ല. ഗവര്‍ണറുടെ അനാവശ്യ നിര്‍ദേശങ്ങള്‍ തള്ളാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കണം. ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് കഴിയണം. സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചാല്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടലാസ് പുലിയാകും എന്നുമാണ് മുരളീധരന്‍ പറഞ്ഞത്.