'വ്യാജ പ്രചാരണം'; മീഡിയ വൺ നിയമനടപടിക്ക്

സംപ്രേഷണ ലൈസൻസ് പുതുക്കി നൽകാൻ തയാറാകാതിരുന്ന കേന്ദ്ര സർക്കാർ നടപടിയുടെ പേരിൽ മീഡിയ വണിനെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുവെന്നും നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും ചാനൽ മാനേജ്‌മെന്റ് അറിയിച്ചു.

കൃത്യമായ കാരണം പറയാതെയാണ് കേന്ദ്ര സർക്കാർ ചാനൽ സംപ്രേഷണം തടഞ്ഞത്. ഈ പഴുതുപയോഗിച്ചാണ് ചാനലിനെതിരെ സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും ചിലർ സംഘടിത പ്രചാരണം നടത്തുന്നതെന്ന് മാനേജ്‌മെന്റ് പറഞ്ഞു.

ചില ജീവനക്കാർക്കെതിരെ വ്യക്തിഹത്യയും വനിതാ ആങ്കർമാർക്കെതിരെ സ്ത്രീ അധിക്ഷേപവും നടക്കുന്നുണ്ട്. ഇതിനെതിരെ ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ചാനൽ മാനേജ്‌മെന്റ് വ്യക്തമാക്കി.