'നീതിക്കും സത്യത്തിനും ഒപ്പമുള്ള തീരുമാനം'; ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ പദവിയില്‍ നിന്നും മാറ്റിയതില്‍ കേരള മുസ്ലിം ജമാഅത്ത്‌

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ പദവിയില്‍ നിന്ന് മാറ്റിയ നടപടിയില്‍ പ്രതികരണവുമായി കേരള മുസ്ലിം ജമാഅത്ത്. നീതിക്കും സത്യത്തിനുമൊപ്പമുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീറാമിന്റെ നിയമനത്തിന് എതിരെ മറ്റന്നാള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധ ജാഥ മാറ്റി വെച്ചതായും അദ്ദേഹം അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. നിയമനം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും കേരള മുസ്ലിം ജമാഅത്ത് വ്യക്തമാക്കിയിരുന്നു.

ഇന്നലെയാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായാണ് പുതിയ നിയമനം. കൃഷ്ണതേജയാണ് പുതിയ ആലപ്പുഴ കളക്റ്റര്‍. മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്റ്ററായി നിയമിച്ചതില്‍ അതിശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ആലപ്പുഴയിലെത്തിയ ശ്രീറാമിനെ കോണ്‍ഗ്രസും ലീഗും ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ കനത്ത സമ്മര്‍ദ്ധത്തിലാവുകയും ചെയ്തു. സി പി എം സഹയാത്രികനായ കാന്തപരം ഇക്കാര്യത്തില്‍ കടുത്ത നിലപാടാണ് സര്‍ക്കാരിനെതിരെ കൈക്കൊണ്ടിരുന്നത്. ഇതേ തുടര്‍ന്ന് സര്‍ക്കാന് മുന്നില്‍ ശ്രീറാമിനെ മാറ്റുക എന്നതല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.