'സി.വി വര്‍ഗീസ് കവലച്ചട്ടമ്പി, സുധാകരന്റെ രോമത്തിന്റെ വില പോലുമില്ല'; ഡീന്‍ കുര്യാക്കോസ്

കെ.പി.സി.സി പ്രസിഡന്റ് സുധാകരനെതിരെ വിവാദ പരാമര്‍ശം നടത്തിയ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി.വര്‍ഗീസിനെതിരെ ഡീന്‍ കുര്യാക്കോസ് എം.പി. സി.വി. വര്‍ഗീസ് കവലച്ചട്ടമ്പിയാണെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കെ.സുധാകരന്റെ രോമത്തിന്റെ വില പോലും സി.വി. വര്‍ഗീസിനില്ല. സുധാകരനെതിരായ വിവാദ പരാമര്‍ശത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

വിവാദ പരാമര്‍ശത്തില്‍ സി.വി വര്‍ഗീസിനെതിരെ കേസെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചിരുന്നു. തെരുവ് ഗുണ്ടുയുടെ ഭാഷ്യമാണ് വര്‍ഗീസിന്റേത്. സുധാകരനെ സി.പി.എമ്മിന് ഒന്നും ചെയ്യാനാവില്ലെന്നും സതീശന്‍ തുറന്നടിച്ചു.

സുധാകരന്റെ ജീവന്‍ സി.പി.എം കൊടുക്കുന്ന ഭീക്ഷയാണെന്നായിരുന്നു സി.വി വര്‍ഗീസ് പറഞ്ഞത്. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഇടുക്കി ചെറുതോണിയില്‍ വച്ച് കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ നടന്ന പ്രസംഗത്തിനിടെ ആയിരുന്നു സി.വി വര്‍ഗീസിന്റെ പരാമര്‍ശം.

കണ്ണൂരില്‍ നിന്ന് വളര്‍ന്ന വന്നയാളാണ് കോണ്‍ഗ്രസ് നേതാവ് സുധാകരന്‍ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവകാശവാദമെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ ദാനമാണ്, ഭിക്ഷയാണ് ഈ ജീവിതമെന്ന് കോണ്‍ഗ്രസുകാര്‍ മറക്കരുതെന്നാണ് വര്‍ഗീസ് പറഞ്ഞത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി സി.വി വര്‍ഗീസ് രംഗത്ത് വന്നിരുന്നു. ചെറുതോണിയിലെ പ്രസംഗം സുധാകരനുള്ള മറുപടിയാണ്. പറഞ്ഞതില്‍ തെറ്റൊന്നുമില്ല. ധീരജിന്റെ ചോര ഉണങ്ങുന്നതിന് മുമ്പ് സുധാകരന്‍ പ്രകോപനപരമായി സംസാരിച്ചെന്നുംഅദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് എംഎം മണിയും രംഗത്തെത്തിയിരുന്നു. സുധാകരന്‍ പറഞ്ഞതിനുള്ള മറുപടി നല്‍കിയിട്ടില്ലെന്നും എം.എം പറഞ്ഞു.