'കൊലപാതകം ആസൂത്രിതം, ബി.ജെ.പി കൗണ്‍സിലര്‍ പ്രകോപന പ്രസംഗം നടത്തി'; എം.വി.ജയരാജന്‍

കണ്ണൂര്‍ തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍.എസ്.എസ് സംഘമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടത്തിയത്. തലശ്ശേരിയിലെ ബി.ജെ.പി കൗണ്‍സിലര്‍ അടുത്തിടെ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു എന്നും ജയരാജന്‍ ആരോപിച്ചു.

കൗണ്‍സിലറുടെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സി.പി.എം പ്രവര്‍ത്തകരെ കൈകാര്യം ചെയ്യും എന്നാണ് കൗണ്‍സിലര്‍ പറഞ്ഞത്. ഇത് പ്രതികള്‍ക്ക് കരുത്ത് പകര്‍ന്നു. ഇത്തരം കൊലപാതകം നടത്താനുള്ള പ്രശ്‌നങ്ങള്‍ തലശ്ശേരിയില്‍ ഇല്ല. രണ്ട് വര്‍ഷത്തിനിടെ പത്താമത്തെ സി.പി.എം പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനെതിരെ ജില്ലയില്‍ ഉടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് സി.പി.എം പ്രവര്‍ത്തകനായ പുന്നോല്‍ സ്വദേശി ഹരിദാസിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യതൊഴിലാളിയായ ഹരിദാസ് രാത്രി ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങിയ വഴിയായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളില്‍ ആയി എത്തിയ സംഘം വീടിനടുത്ത് വച്ച് ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തില്‍ നിരവധി വെട്ടേറ്റിട്ടുണ്ട്. ഒരു കാല്‍ വെട്ടി മാറ്റിയ നിലയിലായിരുന്നു.

ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഹരിദാസിനെ ഉടനെ അടുത്തുള്ള തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കള്‍ കോളജിലേക്ക് മാറ്റി. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും വെട്ടേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്.

Read more

പുന്നോലിലെ ക്ഷേത്ര ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സി.പി.എം ബി.ജെ.പി സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ സി.പി.എം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.