വൈദികനെ ആക്രമിച്ച 28 പേര്‍ കസ്റ്റഡിയില്‍; അക്രമി സംഘത്തില്‍ 47 പേര്‍; അഞ്ചു കാറുകള്‍ പിടിച്ചെടുത്തു; വധശ്രമത്തിനടക്കം കേസെടുത്തുവെന്ന് പൊലീസ്

പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ കാറുകളിലും ബൈക്കുകളിലുമെത്തിയ സംഘം വൈദികനെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് 28 പേര്‍ കസ്റ്റഡിയില്‍. അക്രമി സംഘത്തില്‍ 47 പേരാണ് ഉണ്ടായിരുന്നത്. ഇവരെയെല്ലാം തിരിച്ചറിഞ്ഞുവെന്നും പലരും പ്രായപൂര്‍ത്തിയായവര്‍ അല്ലെന്നും പൊലീസ് വ്യക്തമാക്കി.

വധശ്രമത്തിന് അടക്കമാണ് കേസെടുത്തിരിക്കുന്നത്. സംഘം സഞ്ചരിച്ചിരുന്ന 5 കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുവിവരം പോലീസ് വെളിപ്പെടുത്തിയില്ല.

പ്രായപൂര്‍ത്തിയാകാത്തവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതിനു നിയമതടസമുണ്ടെങ്കിലും ബാക്കിയുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ പോലീസ് തയാറാകാത്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഈരാറ്റുപേട്ട സ്വദേശികളായ ആറു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ ചേര്‍പ്പുങ്കലിലെ മാര്‍ സ്ലീവ മെഡിസിറ്റിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പള്ളിയില്‍ ആരാധന നടന്നുകൊണ്ടിരിക്കെ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വാഹന അഭ്യാസപ്രകടനം നടത്തിയിരുന്നു. വലിയ ശബ്ദം ഉയര്‍ന്ന് കുര്‍ബാന തടസപ്പെട്ടതോടെ ഫാ. ജോസഫ് ആറ്റുചാലില്‍ ഇവരെ തടയുകയും അവരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

വൈദികനും പള്ളി അധികാരികള്‍ക്കും നേരേ സംഘം അസഭ്യവര്‍ഷം ചൊരിയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു. തുടര്‍ന്ന് കുര്‍ബാന അവസാനിപ്പിച്ച ശേഷം പള്ളിയുടെ ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ച് വൈദികനെ ഇടിച്ചു വീഴ്ത്തി. തലയടിച്ചാണ് വൈദികന്‍ വീണത്.

ഉടന്‍ തന്നെ കൂട്ടമണിയടിച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു കഴിഞ്ഞു. നാട്ടുകാര്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈരാറ്റുപേട്ടക്കാരായ ആറുപേരെ പൊലീസ് പിടികൂടിയത്.

ആരാധന തടസപ്പെടുത്തുകയും വൈദികനെ ആപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പാലാ രൂപതയും പൂഞ്ഞാര്‍ സെന്റ് മേരീസ് ഇടവകയും ശക്തമായി പ്രതിഷേധിച്ചു.