'25 ലക്ഷം നഷ്ടപരിഹാരം വേണം'; അനില്‍ ആന്റണിക്കും കെ സുരേന്ദ്രനും വക്കീല്‍ നോട്ടീസ് അയച്ച് ദല്ലാൾ നന്ദകുമാർ

25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്ഥാനാർത്ഥികൾക്ക് വക്കീൽ നോട്ടീസ് അയച്ച് ദല്ലാൾ ടി.ജി നന്ദകുമാർ. ബിജെപി പത്തനംതിട്ട ലോക്‌സഭാ സ്ഥാനാർത്ഥി അനിൽ ആന്റണിക്കും ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രനുമാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

വിഗ്രഹ കള്ളൻ, കാട്ടുകള്ളൻ തുടങ്ങിയ പരാമർശങ്ങൾ പിൻവലിച്ചുകൊണ്ട് മാപ്പ് പറയാത്ത പക്ഷം 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. അനിൽ ആന്റണി തന്റെ കൈയിൽ നിന്നും സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനവുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ വാങ്ങിയിരുന്നുവെന്ന് ആരോപിച്ച് നേരത്തെ ദല്ലാൾ നന്ദകുമാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അനിൽ ആന്റണിയും കെ സുരേന്ദ്രനും നന്ദകുമാറിനെതിരെ വിവിധ പരാമർശങ്ങൾ നടത്തി.

വിഗ്രഹം മോഷ്ടിച്ചയാളാണ് ടി ജി നന്ദകുമാറെന്ന് അനിൽ ആൻ്റണി പറഞ്ഞിരുന്നു. അതേസമയം കാട്ടുകള്ളനാണെന്ന പരാമർശമാണ് കെ സുരേന്ദ്രൻ നടത്തിയത്. ഈ പരമർശങ്ങൾക്കെതിരേയാണ് ഇപ്പോൾ ടി.ജി. നന്ദകുമാർ നഷ്ടപരിഹാരത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. പരാമർശങ്ങൾ പിൻവലിച്ചുകൊണ്ട് മാപ്പ് പറയാത്ത പക്ഷം 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഏപ്രിൽ 9 നാണ് അനിൽ ആന്റണി വലിയ അഴിമതിക്കാരനാണെന്നാരോപിച്ച് വ്യവസായി ദല്ലാൾ നന്ദകുമാർ രംഗത്തെത്തിയത്. ഒന്നാം യുപിഎ സർക്കാരിന്റെ അവസാന കാലത്തും രണ്ടാം യുപിഎ കാലത്തും ഡൽഹിയിലെ അറിയപ്പെടുന്ന ബ്രോക്കർ ആയിരുന്നു അനിൽ ആന്റണിയെന്നായിരുന്നു ആരോപണം. പിതാവിനെ ഉപയോഗിച്ച് വില പേശി തന്റെ കയ്യിൽനിന്ന് പണം വാങ്ങിയെന്നും നന്ദകുമാർ ആരോപിച്ചിരുന്നു.

സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി അനിൽ ആന്റണി 25 ലക്ഷം തന്റെ കൈയ്യിൽ നിന്ന് വാങ്ങിയെന്നായിരുന്നു ദല്ലാൾ നന്ദകുമാറിന്റെ ആരോപണം. പി ടി തോമസ് ഇടപെട്ടാണ് പണം നൽകിയത്. താൻ പറയുന്ന അഭിഭാഷകനെ സിബിഐ സ്റ്റാന്റിങ് കൗൺസിൽ ആയി നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് അനിൽ ആന്റണിക്ക് പണം നൽകിയത്. എന്നാൽ നിയമനം വന്നപ്പോൾ മറ്റൊരാളെയാണ് നിയമിച്ചതെന്നും നന്ദകുമാർ ആരോപിച്ചിരുന്നു.

Read more