അടിയന്തര എഡിറ്റോറിയല്‍; കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ പറഞ്ഞത് ചാനലിനെ പ്രതിസന്ധിയിലാക്കി; ഉടന്‍ അവതാരകന്റെ അന്തിച്ചര്‍ച്ച എന്നെന്നേക്കുമായി അവസാനിപ്പിച്ചു; 24 ന്യൂസ്-റഹിം വിവാദത്തില്‍ 'കുത്തി' ഹര്‍ഷന്‍

സിപിഎം നേതാവ് എഎ റഹിം എംപിയും 24 ന്യൂസ് ചാനലും തമ്മിലുള്ള തര്‍ക്കത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ചാനലിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍. ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ 24 ചാനല്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്നു പിന്‍വലിഞ്ഞതിനെതിരെ നേരത്തെ റഹിം രംഗത്തുവന്നിരുന്നു. ചാനലിന്റെ ബിജെപി വിധേയത്വമാണ് ഇതിന് പിന്നില്ലെന്നും അദേഹം ആരോപിച്ചു.

എന്നാല്‍, ഈ ആരോപണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ചാനല്‍ മേധാവി ആര്‍. ശ്രീകണ്ഠന്‍ നായര്‍ രംഗത്തെത്തിയത്. അങ്ങനെ ഒരു ചര്‍ച്ചയെക്കുറിച്ച് ചാനല്‍ ആലോചിച്ചിട്ട് പോലുമില്ലെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ബിബിസി ഡോക്യുമെന്ററിയുടെ രണ്ടു ഭാഗങ്ങളും പുറത്തുവന്നതിന് ശേഷം മാത്രംമതി ചര്‍ച്ചയെന്നാണ് ചാനല്‍ തീരുമാനിച്ചത്. എഎ റഹിം എംപി മാധ്യമങ്ങളെക്കുറിച്ച് ഒരുപാട് ഗീര്‍വാണങ്ങള്‍ അടിക്കുന്നു. നീട്ടിപരത്തി ഒരു പോസ്റ്റാണ് ചാനലിനെതിരെ ഇട്ടത്. റഹിം വ്യക്തിപരമായി ചാനലില്‍ വിളിച്ച് ആവശ്യപ്പെടുന്നത് പുറത്തു പറയുന്നില്ല.

കൈരളി ചാനലില്‍ എന്താണ് നടക്കുന്നതെന്ന് റഹിം അന്വേഷിക്കണമെന്നും ശ്രീകണ്ഠന്‍ നായര്‍ ചാനലിലൂടെ വ്യക്തമാക്കി. ഷെഡ്യൂള്‍ ചെയ്യാത്ത ഒരു ചര്‍ച്ചയെക്കുറിച്ച് നീട്ടിപരത്തി ഒരു പോസ്റ്റ് ഇടുംമുമ്പ് ഒന്ന് വിളിച്ച് അന്വേഷിക്കാമായിരുന്നു. പല കാര്യത്തിനും തങ്ങളെയൊക്കെ സ്വകാര്യമായി റഹിം വിളിക്കാറുണ്ടെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞിരുന്നു. വിവാദം സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചയായിരിക്കുമ്പോഴാണ് 24 ന്യൂസിലെ മുന്‍ മാധ്യമ പ്രവര്‍ത്തകനായ ഹര്‍ഷന്‍ പുതിയവെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

അദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

CAA – NRC സമരകാലം.
2020 ഫെബ്രുവരി 23 ന് ഡല്‍ഹി കലാപം തുടങ്ങി.
ഫെബ്രുവരി 25 ന് ഒരു പ്രമുഖ ചാനലിലെ പ്രമുഖ ചര്‍ച്ച.
വിഷയം : ഡല്‍ഹിക്ക് തീയിട്ടതാര്?!
(വേറെ വിഷയത്തിന് പഴുത് ഇല്ലാത്തതു കൊണ്ട് ??)

പാനല്‍ :
എ എം ആരിഫ്(CPIM)
ആര്‍ വി ബാബു(ഹിന്ദു ഐക്യവേദി)
രാജി തോമസ്(കോണ്‍ഗ്രസ്)
നിജു പുളിമൂട്ടില്‍(ആം ആദ്മി പാര്‍ട്ടി)

കപില്‍ മിശ്രയും അനുരാഗ് ഠാക്കൂറും നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ അവതാരകന്‍ പരാമര്‍ശിച്ചു. ക്ഷുഭിതനായ ആര്‍ വി ബാബു അവതാരകനോട് ആക്രോശിച്ചു ,
‘നിങ്ങള്‍ … നിങ്ങളേപ്പോലുള്ള കുറെ മാധ്യമ പ്രവര്‍ത്തകരാണ് മുസ്ലീങ്ങളെ കുത്തിയിളക്കി വിട്ടത് ‘ .
ഉപമകളും അലങ്കാരങ്ങളുമായി ഈ ആരോപണം ആര്‍ വി ബാബു ആവര്‍ത്തിച്ചപ്പോള്‍ അവതാരകന്‍ ഇടപെട്ടു,
‘ ഇത് കുത്തിയിളക്കി വിട്ടത് ആരാണ്, ഈ പറയുന്ന ഡല്‍ഹി പൊലീസിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ യാണ് കുത്തിയിളക്കി വിട്ടത്. chronological Order പറഞ്ഞ്, ആളുകളെ ഭീഷണിപ്പെടുത്തി .
CAA നടപ്പാക്കും അത് കഴിഞ്ഞ് NRC നടപ്പാക്കും അതിന് ശേഷം ആളുകളെ പറഞ്ഞു വിടും എന്ന് പ്രഖ്യാപിച്ചത് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണ്.’

അതോടെ ആര്‍ വി ബാബു
അവതാരകനെ ‘തീവ്രവാദി മാധ്യമപ്രവര്‍ത്തകന്‍’ എന്ന് വിളിച്ചു.
‘ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇതൊക്കെ പറഞ്ഞത് എന്നതിന് എന്താണ് സംശയം ശ്രീ ആ വി ബാബു , അദ്ദേഹം പറഞ്ഞ chronological order താങ്കള്‍ക്ക് ഓര്‍മയില്ലേ, ഞങ്ങള്‍ക്ക് ഓര്‍മയുണ്ട്. അത് പറയുമ്പോള്‍ തീവ്രവാദി എന്ന് മുദ്ര കുത്തിയിട്ട് കാര്യമില്ല’ എന്ന് അവതാരകന്‍ മറുപടിയും പറഞ്ഞു’
ഒരു അന്തിച്ചര്‍ച്ചയിലെ അത്ര കനമില്ലാത്ത വാഗ്വാദം എന്നതിനപ്പുറം കുടുതല്‍ ആലോചിക്കാതെ അവതാരകന്‍ വീട്ടില്‍ പോയി കലാപ വാര്‍ത്തകള്‍ കണ്ട് നെഞ്ച് തിരുമി കിടന്നു. പിറ്റേന്ന്, അതായത് 2020 ഫെബ്രുവരി 26 നാണ് ചാനലില്‍ ശരിക്കും ഭൂകമ്പം ഉണ്ടായത്.

അടിയന്തര ‘എഡിറ്റോറിയല്‍’ (?!) മീറ്റിങ്ങില്‍ എം ഡി അലിയാസ് എഡിറ്റര്‍ പൊട്ടിത്തെറിച്ചു.
അവതാരകന്‍ കേന്ദ്രആഭ്യന്തര മന്ത്രിക്കെതിരെ പറഞ്ഞത് ചാനലിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കയാണത്രേ . ഡയറക്ടര്‍മാര്‍ ആശങ്കയിലാണത്രേ . പലരും അദ്യത്തെ വിളിച്ച് നീരസം അറിയിച്ചത്രേ …ത്രേ.
ആഭ്യന്തര മന്ത്രിക്കെതിരായ അവതാരകന്റെ കഠോര പ്രയോഗങ്ങളെന്തൊക്കെയാണെന്ന് പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എം ഡി അപ്പത്തന്നെ അന്വേഷണ കമ്മീഷനെ നിയമിച്ചു.
അന്വേഷണ കമ്മീഷന്‍ ഒരു ‘ജേര്‍ണലിസ്റ്റ്’ ആയിരുന്നതു കൊണ്ട് അവതാരകന്റെ പ്രയോഗങ്ങളില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.പക്ഷേ അതോടെ അവതാരകന്റെ ആ അന്തിച്ചര്‍ച്ച അന്തിമ അന്തിചര്‍ച്ചയാക്കാന്‍ എം ഡി ശീട്ടാക്കി. എന്നെന്നേയ്ക്കുമായി അവതാരകന്റെ അന്തിച്ചര്‍ച്ച അവസാനിപ്പിച്ചു.
ഇന്നിപ്പോ ‘BBC ഡോക്യുമെന്ററി വിലക്ക് ‘ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച ഒരു പ്രമുഖ ചാനല്‍ അവസാന നിമിഷം ചര്‍ച്ച ഉപേക്ഷിച്ചെന്ന് എ എ റഹീം എം പി എഴുതിക്കണ്ടു. ധീരര്‍ ഒരിക്കലേ മരിക്കൂ,
ഭീരു ഓരോ നിമിഷവും മരിച്ചു കൊണ്ട് ജീവിക്കും എന്നല്ലേ . ഓരോ നിമിഷവും മരിച്ച് പിഴയ്ക്കുന്ന ഭീരുക്കളാണ് ധികൃതശക്ര പരാക്രമികള്‍ എന്ന് നടിക്കുന്ന നമ്മുടെ ചില ചാനല്‍ മുതലാളിമാര്‍ ,അതുകൊണ്ട് ….
അതുകൊണ്ട് ?! അതുകൊണ്ട് അവരെ ഭീരുക്കള്‍ എന്ന് തന്നെ വിളിക്കും.