യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് 24 വ്യാജ കാര്‍ഡുകള്‍ പിടിച്ചെടുത്തു; അറസ്റ്റിലായവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍

സംഘടന തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസിന് പ്രതിരോധം ഏറുന്നു. പത്തനംതിട്ടയില്‍ നിന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് പൊലീസ് 24 വ്യാജ കാര്‍ഡുകള്‍ പിടിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികളാണ് പിടിയിലായവര്‍.

പിടിയിലായ ബിനിലിന്റെ ലാപ് ടോപ്, അഭി വിക്രമിന്റെ ഫോണ്‍ എന്നിവയില്‍ നിന്നാണ് അന്വേഷണ സംഘം വ്യാജ കാര്‍ഡുകള്‍ കൈമാറിയതിന് തെളിവുകള്‍ കണ്ടെത്തിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച സംഭവത്തില്‍ അടൂരിലെ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായാണ് സൂചന.

അതേ സമയം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച കേസില്‍ അന്വേഷണ സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യാജ കാര്‍ഡുകള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ച ആപ്പിനെ കുറിച്ചും തുടര്‍ന്നുവരുന്ന അന്വേഷണത്തെ കുറിച്ചും വിശദീകരിക്കും.