വട്ടിയൂര്‍ക്കാവില്‍ ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന വിധിയെഴുത്തെന്ന് വികെ പ്രശാന്ത്

വട്ടിയൂര്‍ക്കാവിലേത് ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന തിരഞ്ഞെടുപ്പ് ഫലമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത്. മതവും ജാതിയുമല്ല, രാഷ്ട്രീയവും വികസനവുമാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തത്. അത് ജനങ്ങള്‍ സ്വീകരിച്ചു, വിധിയെഴുതി. തിരഞ്ഞെടുപ്പ് ഫലം അതിമധുരമാണെന്നും വികെ പ്രശാന്ത്  പ്രതികരിച്ചു.

7000-10,000 വരെ ലീഡ് ലഭിക്കുമെന്ന് എല്‍ഡിഎഫ് ക്യാമ്പ് പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യത്തിലേക്കെത്തി. സോഷ്യല്‍ മീഡിയ സ്‌പോണ്‍സേര്‍ഡ് വിജയമല്ല ഞങ്ങളുടേതെന്ന് ജനം തിരിച്ചറിഞ്ഞതായും വികെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

സമുദായം പറഞ്ഞ് വോട്ടുപിടിക്കുന്ന രീതിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇത് ശരിയായ നിലപാടല്ല. മത സാമുദായിക വോട്ടുകള്‍ ഞങ്ങള്‍ക്കും ലഭിച്ചിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നുണ്ട്. രാഷ്ട്രീയ എതിരാളികള്‍ എനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ എന്തായാലും ജനം വാസ്തവം തിരിച്ചറിഞ്ഞതായും പ്രശാന്ത് പ്രതികരിച്ചു.