'പെണ്‍കുട്ടിയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് 16കാരന്‍ സംശയിച്ചു, തർക്കം കൊലപാതകത്തിൽ കലാശിച്ചു'; മലപ്പുറത്തെ 14 വയസുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

മലപ്പുറം കരുവാരക്കുണ്ടിലെ 14 വയസുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ക്രൂര കൊലപാതകത്തിന് കാരണമായത് ആണ്‍ സുഹൃത്തിന്റെ സംശയമെന്ന് പൊലീസ് പറഞ്ഞു. ഇതിനെ ചൊല്ലി രണ്ടാളും തമ്മിൽ തർക്കമുണ്ടായെന്നും ആ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് 16 വയസുകാരന്‍ സംശയിച്ചിരുന്നു. പെണ്‍കുട്ടിയോട് ഇക്കാര്യം പ്രതിയായ 16 വയസുകാരന്‍ ചോദിച്ചെങ്കിലും പെണ്‍കുട്ടി അങ്ങനെയൊന്നുമില്ല എന്ന് പറഞ്ഞൊഴിഞ്ഞു. എങ്കിലും ആണ്‍കുട്ടി വിടാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം പിന്നീട് കൊലയില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍.

അതേസമയം 16 വയസുകാരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയത്. ബലാത്സംഗം നടന്നതായും പൊലീസ് അറിയിച്ചിരുന്നു. ആണ്‍കുട്ടിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മുന്‍പ് തന്നെ ചില സംശയങ്ങളുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയോടും ആണ്‍കുട്ടിയോടും ഇനി മേലില്‍ തമ്മില്‍ കാണരുതെന്ന് വീട്ടുകാര്‍ വിലക്കിയിരുന്നു.

Read more