ക്‌ളിഫ് ഹൗസ് നവീകരണത്തിന് മുടക്കിയത് 15 കോടി, ഷാഫി പറമ്പിലിന്റെ ചോദ്യത്തിനുള്ള മറുപടി പിടിച്ചുവച്ച് മുഹമ്മദ് റിയാസ്

2016 നു ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാ ക്‌ളിഫ് ഹൗസില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി എത്ര കോടി ചിലവാക്കിയെന്ന ഷാഫി പറമ്പില്‍ എം എല്‍ എയുടെ ചോദ്യത്തിനുള്ള മറുപടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തടഞ്ഞുവച്ചുവെന്നാരോപണം. 2016 മുതല്‍ ഇതുവരെ ക്‌ളിഫ് ഹൗസില്‍ നടന്നത് 15 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് എന്നാണ് ടൂറിസം, പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം.

എന്നാല്‍ ഇതിനെക്കുറിച്ച്് ഷാഫി പറമ്പില്‍ എം എല്‍ എയുടെ ചോദ്യത്തിനുള്ള മറുപടി മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസ് പിടിച്ചുവെച്ചുവെന്നാണ് അറിയുന്നത്. സെപ്റ്റംബര്‍ 11 നായിരുന്നു ഷാഫി പറമ്പിലിന്റെ ചോദ്യം. ക്ലിഫ് ഹൗസിലെ കാലിതൊഴുത്ത്, ലിഫ്റ്റ്, നീന്തല്‍കുളം നവീകരണം തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനമന്ത്രി ബാലഗോപാല്‍ ഫണ്ട് അനുവദിച്ചിരുന്നു.

ഊരാളുങ്കല്‍ സൊസൈറ്റിക്ക് കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ എത്ര കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നല്‍കിയെന്ന സി ആര്‍ മഹേഷ് എം എല്‍ എയുടെ ചോദ്യവും മറുപടി നല്‍കാതെ പിടിച്ചുവെന്നാണ് അറിയുന്നത്.