പത്താം ക്ലാസുകാരിയ്ക്ക് ഭക്ഷണത്തോട് താത്പര്യമില്ല; വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് രണ്ട് കിലോയുള്ള മുടിക്കെട്ട്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പത്താം ക്ലാസുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് രണ്ട് കിലോ ഭാരമുള്ള മുടിക്കെട്ട്. പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടി വിളര്‍ച്ചയും ഭക്ഷണം കഴിക്കാനുള്ള വിമുഖതയുമായി കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത്.

എന്‍ഡോസ്‌കോപ്പിയിലൂടെയാണ് കുട്ടിയുടെ രോഗം നിര്‍ണയിച്ചത്. മുന്‍കാലങ്ങളില്‍ കടിക്കുകയും വിഴുങ്ങുകയും ചെയ്ത മുടി ആമാശയത്തിനുള്ളില്‍ കെട്ടുപിണഞ്ഞ് കിടക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതുവരെ കുട്ടിയുടെ രോഗത്തെ കുറിച്ച് മാതാപിതാക്കള്‍ക്കും ധാരണയുണ്ടായിരുന്നില്ല.

സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് മുടിക്കെട്ട് നീക്കം ചെയ്തത്. ആമാശയത്തില്‍ നിന്ന് പുറത്തെടുത്ത് മുടിക്കെട്ടിന് രണ്ട് കിലോ ഗ്രാമില്‍ കൂടുതല്‍ ഭാരവും 30 സെന്റി മീറ്ററില്‍ കൂടുതല്‍ നീളവും ഉണ്ടായിരുന്നു. ആമാശയത്തിന്റെ ആകൃതിയിലാണ് മുടിക്കെട്ട് ഉണ്ടായിരുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.