കോട്ടൂര്‍ ആന ചികിത്സാ കേന്ദ്രത്തിനെതിരെ 105 കോടിയുടെ അഴിമതി ആരോപണം, അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് മൃഗസംഘനയായ അനിമല്‍ ലീഗല്‍ ഫോഴ്സ് ഹൈക്കോടതിയില്‍. കോട്ടൂരിലെ നവീകരണത്തിന്റെ മറവില്‍ 105 കോടിയുടെ അഴിമതി ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.

ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും പി ജി അജിത് കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അമിക്കസ് ക്യൂറി അഡ്വ. രഘുനാഥനോട് മൂന്ന് ആഴ്ചയ്ക്കുള്ളില്‍  അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. കോട്ടൂര്‍ പുനരധിവാസ കേന്ദ്രത്തില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാതെ ക്ഷേത്രത്തിലെ ആന നീലകണ്ഠന്‍ ചരിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടൂരില്‍ സമ്പൂര്‍ണ ആന ചികിത്സാ ആശുപത്രി നിര്‍മ്മിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

ഇത്തരം ചികിത്സാ കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതായി വനംവകുപ്പ് കോടതിയെ അറിയിച്ചിരുന്നു. 2021 മെയ് 31 ന് ആശുപത്രി കമ്മീഷന്‍ ചെയ്ത്, 2021 ജൂണ്‍ 24 നാണ് വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും രണ്ട് ആനക്കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ ചരിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് വനം വകുപ്പിനെതിരെ ഗുരുതര ആരോഹണങ്ങളാണ് അനിമല്‍ ലീഗല്‍ ഫോഴ്‌സ് കോടതിയില്‍ ഉന്നയിച്ചത്. കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെന്നും ഇതിന്റെ മറവില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.

Read more

നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധവും കുറ്റകരവുമായ രീതിയിലാണ് കെട്ടിയത്തിന്റെ നിര്‍മ്മാണം നടക്കുന്നതെന്ന് സംഘടന ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ടിന്‍ ഷീറ്റുകൊണ്ടാണ് മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്. ആനകളെ ചികിത്സിക്കാന്‍ വേണ്ട ഒരു സൗകര്യങ്ങളും അവിടെ ഇല്ലെന്ന് ചിത്രങ്ങള്‍ അടക്കം സമര്‍പ്പിച്ചുകൊണ്ട് സംഘടന കോടതിയില്‍ അറിയിച്ചു. ഇതോടെയാണ് ഇക്കാര്യത്തില്‍ ഉടന്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്. അന്വേഷണ ഉത്തരവ് വന്നതിന് പിന്നാലെ വെള്ളാനകള്‍ വിലങ്ങണിയുമെന്ന് അനിമല്‍ ലീഗല്‍ ഫോഴ്സ് ജനറല്‍ സെക്രട്ടറി എംഗല്‍സ് നായര്‍ പ്രതികരിച്ചു.