ചൂടിനെ മറികടക്കാൻ സംസ്ഥാനത്തുടനീളം 'ശീതീകരണ കേന്ദ്രങ്ങൾ' സ്ഥാപിക്കാനൊരുങ്ങി കേരളം

കടുത്ത വേനൽ ചൂടിലൂടെയാണ് കേരളം ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. പ്രതിദിന വൈദ്യുതി ഉപഭോഗവും റെക്കോഡുകൾ തകർക്കുകയാണ്. അതേസമയം മറുഭാഗത്ത് അതിജീവനത്തിനായി മറ്റൊരു മാർഗവുമില്ലാതെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ ഇറങ്ങേണ്ടി വരുന്ന ജനങ്ങൾ ചൂടുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളെയും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്നങ്ങൾ കണക്കിലെടുത്ത് കടുത്ത ചൂട്, സൂര്യാഘാതം, സൂര്യതാപം എന്നീ പ്രശ്നങ്ങൾ കാരണം അസ്വസ്ഥത അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി സംസ്ഥാനത്തുടനീളം വിവിധ ഇടങ്ങളിലായി ‘ശീതീകരണ കേന്ദ്രങ്ങൾ’ സ്ഥാപിക്കാൻ പദ്ധതിയിടുകയാണ്  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ . കെ.എസ്.ഡി.എം.എയുടെ ഹീറ്റ് ആക്ഷൻ പ്ലാനിന് (എച്ച്.എ.പി) കീഴിൽ തദ്ദേശ സ്ഥാപനങ്ങൾ ആയിരിക്കും ഇത്തരത്തിലുള്ള ശീതീകരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക.

അതികഠിനമായ ചൂട് കാരണം ഒരാൾ കുഴഞ്ഞു വീണാൽ ഉടൻ തന്നെ അയാൾക്ക്   പ്രാഥമിക ചികിത്സ നൽകാനും ശരീരത്തിന്റെ ഊഷ്മാവ് സാധാരണ നിലയിലേക്ക് കൊണ്ടുവരാനും സാധിക്കുന്ന ഒരു ഇടം വേണമെന്ന ആവശ്യകതയാണ് ഇതിലൂടെ സാദ്ധ്യമാവുക എന്ന് കെഎസ്ഡിഎംഎ മെമ്പർ സെക്രട്ടറി ശേഖർ ലൂക്കോസ് കുര്യാക്കോസ് പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് വെള്ളവും ഒആർഎസും മോരും വിതരണം ചെയ്യുന്നതിനായി ഇതിനകം തന്നെ ആദ്യ സംരംഭമായ ‘തണ്ണീർ പന്തലുകൾ’ സംസ്ഥാന സർക്കാർ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ തുറന്നിട്ടുണ്ട്. എന്നാൽ അടിയന്തര നടപടിയെന്ന നിലയിലാണ് തണ്ണീർ പന്തലുകൾ സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ മാർക്കറ്റുകൾ പോലെയുള്ള, ആളുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള സ്ഥിരമായിട്ടുള്ള ശീതീകരണ കേന്ദ്രങ്ങളോ സ്ഥലങ്ങളോ ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ (എ.ഡബ്ല്യു.എസ്) റീഡിംഗുകൾ പ്രകാരം കേരളത്തിൽ പലയിടത്തും പരമാവധി താപനില മാറ്റമില്ലാതെ 40 ഡിഗ്രി സെൽഷ്യസ് കടക്കുന്നതിനാൽ കടുത്ത ചൂടിന്റെ അപകടസാദ്ധ്യത കുറയ്ക്കുന്നതിന് വേണ്ടി ദീർഘകാല നടപടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഹീറ്റ് ആക്ഷൻ പ്ലാൻ (എച്ച്.എ.പി) നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ഡി.എം.എ. ഇതിന് മുന്നോടിയായി സംസ്ഥാന സർക്കാർ എച്ച്.എ.പിയുടെ പ്രവർത്തനത്തിന് അംഗീകാരം നൽകിയെന്നും വേനൽച്ചൂടിനെ മറികടക്കാൻ സാധിക്കുന്ന തരത്തിലുള്ള വഴികൾ നിർദേശിക്കാൻ തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടതായും ശേഖർ പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികൾ നടപ്പിലാക്കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ ഫണ്ട് വിനിയോഗിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് താപനിലയിലെ ക്രമാതീതമായ വർദ്ധന കണക്കിലെടുത്ത് കെ.എസ്.ഡി.എം.എ സംസ്ഥാനത്തുടനീളം 5,000 ജലവിതരണ കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. എന്നാൽ വെള്ളത്തിന്റെ തണുപ്പ് നിലനിൽക്കാൻ പാകത്തിനുള്ള സ്ഥലങ്ങളിലേക്ക് ജലവിതരണ കേന്ദ്രങ്ങൾ മാറ്റേണ്ടതുണ്ട് എന്നും തദ്ദേശ സ്ഥാപനങ്ങൾ ആണ് ഈ കാര്യങ്ങൾ ചെയ്യേണ്ടതെന്നും ശേഖർ പറഞ്ഞു. അതേസമയം, വേനൽച്ചൂടിനെ മറികടക്കാൻ പരിഹാരം കണ്ടെത്തുന്നതിനായി കെ.എസ്.ഡി.എം.എ ശിൽപശാല സംഘടിപ്പിക്കും. എന്നാൽ വേനൽക്കാലത്ത് മാത്രമല്ല, വർഷം മുഴുവനും നീണ്ടു നിൽക്കുന്ന ഫലപ്രദമായ പരിഹാരമാണ് കേരളത്തിന് ആവശ്യമെന്ന് കെ.എസ്.ഡി.എം.എ ഉദ്യോഗസ്ഥൻ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങൾക്ക് നടപ്പിലാക്കാൻ കഴിയുന്ന ആശയങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ശിൽപശാലയിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിർദേശങ്ങൾ വിദഗ്ധ സമിതി പരിശോധിക്കും. കേരളത്തിൽ മൺസൂൺ മഴ അനുഭവപ്പെടുന്നതിനാൽ, എല്ലാ സീസണുകൾക്കും അനുയോജ്യമായ പരിഹാരങ്ങൾ ആണ് ആവശ്യമെന്ന് കെഎസ്ഡിഎംഎ ഉദ്യോഗസ്ഥർ പറഞ്ഞു.

എന്താണ് ശീതീകരണ കേന്ദ്രം ?

എയർകണ്ടീഷൻ ചെയ്ത സ്ഥലമായിരിക്കും ശീതീകരണ കേന്ദ്രം. കടുത്ത ചൂട് കാരണം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് പ്രഥമശുശ്രൂഷ നൽകുന്ന ഇടം കൂടിയായിരിക്കും ഇവ. കൂടാതെ അത്തരം ആളുകൾക്ക് വിശ്രമിക്കാനും വെള്ളം കുടിക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.