ഗവര്‍ണറെ പൂട്ടാന്‍ സര്‍ക്കാര്‍ വിത്തെടുത്ത് കുത്തുന്നു; നിയമോപദേശത്തിന് മാത്രം 46.9 ലക്ഷം; പിണറായി-ആരിഫ് പോരില്‍ ഖജനാവ് ചോരുന്നു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പൂട്ടാനുള്ള നിയമനടപടികള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള നിയമോപദേശം സ്വീകരിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ചതിനെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്. ഇതിനായി നിയമോപദേശം തേടുന്നതിന് 46.9 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിടുന്നത്.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാനില്‍ നിന്നാണ് സര്‍ക്കാര്‍ നിയമ ഉപദേശം തേടിയത്. ഫാലി എസ് നരിമാന് മാത്രം ഫീസായി 30 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കി.

നരിമാന്റെ ജൂനിയറായ സുഭാഷ് ചന്ദ്രയ്ക്ക് 9.9 ലക്ഷം രൂപയും, സഫീര്‍ അഹമ്മദിന് നാല് ലക്ഷം രൂപയും ഫീസായി സര്‍ക്കാര്‍ നല്‍കും. നരിമാന്റെ ക്ലര്‍ക്ക് വിനോദ് കെ ആനന്ദിന് മൂന്ന് ലക്ഷം രൂപയാണ് നല്‍കുക. കേരള നിയമസഭ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമ ഉപദേശം എഴുതി നല്‍കുന്നതിനാണ് ഫീസ് കൈമാറുന്നത് എന്ന് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാല കൃഷ്ണ കുറുപ്പിന്റെ നിര്‍ദേശത്തിലാണ് ഈ തുക സര്‍ക്കാര്‍ അനുവദിച്ചത്.