ഞാൻ ഇവിടെ നിന്ന് മാറില്ല, നിങ്ങൾ എന്നെ തൊടുകയുമില്ല; യു.പി പൊലീസിനോട് പ്രിയങ്ക ഗാന്ധി

ഉത്തർപ്രദേശിലെ അക്രമത്തിൽ കൊല്ലപ്പെട്ട നാല് കർഷകരുടെ കുടുംബങ്ങളെ കാണാൻ എത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് ഇന്ന് പുലർച്ചെ തടഞ്ഞു. സീതാപൂർ പൊലീസ് ലൈനിലേക്ക് പ്രിയങ്ക ഗാന്ധി വദ്രയെ കൊണ്ടുപോകുന്നുവെന്നും അവിടെ ആളുകളോട് ഒത്തുകൂടാനും ആവശ്യപ്പെട്ട് കോൺഗ്രസ് ഒരു വീഡിയോ ട്വീറ്റ് ചെയ്തു.

ഞായറാഴ്ചയുണ്ടായ അക്രമത്തിൽ 4 കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും കേന്ദ്ര ആഭ്യന്തര സഹ സഹമന്ത്രി അജയ് മിശ്രയുടെയും സന്ദർശനത്തെ തുടർന്ന് കർഷകർ ഇന്നലെ രാവിലെ മുതൽ യു.പിയിയിലെ ലഖിംപൂർ ഖേരി ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മന്ത്രിമാരുടെ വാഹനവ്യൂഹത്തിലെ വാഹനം ഇടിച്ചാണ് ആളുകൾ കൊല്ലപ്പെട്ടത് എന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്.

“നിങ്ങൾ കൊന്നുകളഞ്ഞ ആളുകളേക്കാൾ എനിക്ക് ഒരു പ്രാധാന്യവുമില്ല. നിങ്ങൾ സംരക്ഷിക്കുന്ന സർക്കാർ എനിക്ക് ഒരു വാറന്റ് തരട്ടെ, അല്ലെങ്കിൽ നിയമപരമായ ഒരു കാരണം പറയുക, അല്ലെങ്കിൽ ഞാൻ ഇവിടെ നിന്ന് മാറില്ല, നിങ്ങൾ എന്നെ തൊടുകയുമില്ല”, പോലീസുകാരാൽ തടയപ്പെട്ട പ്രിയങ്ക ഗാന്ധി പറഞ്ഞു. സീതാപൂരിൽ വച്ച് പ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹം പൊലീസ് തടയുകയായിരുന്നു.

അരികിലേക്ക് നീങ്ങാൻ ഒരു പൊലീസുകാരി പ്രിയങ്കാ ഗാന്ധിയോട് പറഞ്ഞു. എന്നാൽ ഒരു വാറന്റോ നിയമപരമായ ഉത്തരവോ ഹാജരാക്കാതെ താൻ അവിടെ നിന്ന് മാറുകയില്ല എന്ന് പ്രിയങ്ക പറഞ്ഞു. “നിങ്ങൾ എന്നെ ആ കാറിൽ കയറ്റുകയാണെങ്കിൽ ഞാൻ നിങ്ങൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തും. കുറ്റം പൊലീസിനെതിരെ ആയിരിക്കില്ല, നിങ്ങൾക്കെതിരായിരിക്കും,” പ്രിയങ്ക പൊലീസുകാരിയോട് പറഞ്ഞു.