ആദ്യ റണ്‍സും അര്‍ദ്ധ ശതകവും; ചരിത്ര ടെസ്റ്റില്‍ സുവര്‍ണ നേട്ടവുമായി സൂപ്പര്‍ താരം

ചരിത്രത്തിലാദ്യമായി പകല്‍-രാത്രി (ഡേ- നൈറ്റ്) ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് മികച്ച തുടക്കം. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിന്റെ മഴമൂലം കളി നിര്‍ത്തിവയ്ക്കുമ്പോള്‍ ഒരു വിക്കറ്റിന് 132 എന്ന നിലയിലാണ് ഇന്ത്യന്‍ വനിതകള്‍. ഷഫാലി വര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 31 റണ്‍സ് നേടിയ ഷഫാലിയെ സോഫിയ മൊളിന്യൂക്‌സ് പുറത്താക്കി.

ചരിത്ര ടെസ്റ്റില്‍ ഇന്ത്യന്‍ പെണ്‍പടയുടെ ആദ്യ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ നിയോഗം ലഭിച്ചത് ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്കാണ്. ആദ്യ അര്‍ദ്ധ ശതകവും മന്ദാന കുറിച്ചു. 80 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന മന്ദാന പതിനഞ്ച് ബൗണ്ടറികളും ഒരു സിക്‌സും സ്വന്തം പേരിലെഴുതിക്കഴിഞ്ഞു.

16 റണ്‍സുമായി പൂനം റൗത്ത് മന്ദാനയ്ക്ക് കൂട്ടായുണ്ട്. പരിക്കേറ്റ സൂപ്പര്‍ ബാറ്റര്‍ ഹര്‍മന്‍പ്രീത് കൗറിനെ ഒഴിവാക്കിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.