പത്രം എടുക്കാൻ കട തുറന്നപ്പോള്‍ പിഴ ചുമത്തി, എണ്‍‌പതുവയസിന്റെ പക്വതയില്ലെന്ന് പറഞ്ഞ് സിെഎ ആക്ഷേപിച്ചു ; പരാതിയുമായി ദേവരാജന്‍

പത്രം എടുക്കാനായി കട തുറന്നപ്പോള്‍ പിഴ ചുമത്തിയെന്ന് പരാതിയുമായി കൊല്ലം കടയ്ക്കല്‍ സ്വദേശിയായ വ്യാപാരി. എണ്‍‌പതുവയസിന്റെ പക്വതയില്ലെന്ന് പറഞ്ഞ് സിെഎ ആക്ഷേപിച്ചെന്നും ചൂണ്ടിക്കാട്ടി വ്യാപാരിയായ ദേവരാജൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനമായ ജൂലൈ 31 നാണ് കടയ്ക്കൽ ജംക്‌ഷനിലെ പെയിന്റ് വ്യാപാരി കെ.എൻ. ദേവരാജന്റെ പേരില്‍ പൊലീസ് കേസെടുത്തത്. രാവിലെ വീട്ടിൽ നിന്നു ജംക്‌ഷനിൽ എത്തി കട തുറന്നു ഷട്ടർ പൊക്കിയ ശേഷം പത്രം എടുത്തു വീട്ടിൽ കൊണ്ടുപോകാൻ തുടങ്ങുമ്പോഴാണ് പൊലീസ് വന്നത്. പേരും മേൽ വിലാസവും ചോദിച്ച ശേഷം സ്റ്റേഷനിൽ ചെല്ലാൻ പൊലീസ് ആവശ്യപ്പെട്ടു. ദേവരാജൻ സ്റ്റേഷനിൽ എത്തിയപ്പോള്‍ രണ്ടായിരം രൂപ പെറ്റി അടയ്ക്കണമെന്നായി. ഒടുവില്‍ പെറ്റി അഞ്ഞൂറു രൂപയായി. 80 വയസുളളയാളാണ് പത്രം എടുക്കാനാണ് കടയില്‍ വന്നതെന്ന് പറഞ്ഞപ്പോള്‍ പത്രം വീട്ടിൽ വരുത്തണമെന്നും എണ്‍‌പതുവയസിന്റെ പക്വതയില്ലെന്ന് പറഞ്ഞ് സിെഎ ആക്ഷേപിച്ചതായും ദേവരാജന്‍ പറയുന്നു.

ചെയ്യാത്ത കുറ്റത്തിന് പിഴ ഈടാക്കിയതിനും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയുളള അധിക്ഷേപത്തിനുമെതിരെ നിയമപരമായി നേരിടാനാണ് തീരുമാനം. മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് കംപ്ളയിന്റ് അതോറിറ്റിക്കും ദേവരാജന്‍ പരാതി നല്‍കി.