പ്രഹേളികയായി ബി.എ 2; ഗൗരവത്തോടെ ഗവേഷകർ

ഇന്ത്യയിൽ ഉൾപ്പെടെ പടർന്നുപിടിക്കുന്ന ബിഎ.2 എന്ന ഒമിക്രോൺ ഉപവിഭാഗത്തെ ഗൗരവത്തോടെ കണ്ട് ഗവേഷകർ.ആർടിപിസിആർ പരിശോധനയിൽ, ഒറ്റനോട്ടത്തിൽ ഡെൽറ്റയെന്നു തോന്നിക്കും. എന്നാൽ, സംഗതി ഒമിക്രോൺ വകഭേദമാണ്. ഈ പ്രത്യേകത കാരണം ഒമിക്രോണിന്റെ നിഗൂഢ പതിപ്പായാണ് ബിഎ.2നെ പരിഗണിക്കുന്നത്.

ആർടിപിസിആർ പരിശോധനയിൽ തെളിയേണ്ട ജീനുകളിലൊന്നിന്റെ (എസ് ജീൻ) അസാന്നിധ്യം ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡാണു ബാധിച്ചതെന്ന സൂചന നൽകുമായിരുന്നു. എന്നാൽ, ബിഎ.2 വഴിയുള്ള കോവിഡ് ബാധയിൽ എസ് ജീനും പ്രകടമാണ്. ബിഎ.1 വിഭാഗത്തെക്കാൾ കൂടുതൽ ജനിതക മാറ്റങ്ങൾ ബിഎ.2ൽ ഉണ്ട്. ഇതിൽ 20 എണ്ണം വൈറസിനെ കോശങ്ങളിലേക്കു നുഴഞ്ഞുകയറാൻ സഹായിക്കുന്ന സ്പൈക് പ്രോട്ടീനിലാണ്.

തുടക്കത്തിൽ കണ്ടെത്തിയ ഒമിക്രോൺ കേസുകൾ ബിഎ.1 വിഭാഗമായിരുന്നു. ഇതു ബാധിച്ചവർക്ക് ബിഎ.2 വഴി വീണ്ടും കോവിഡ് ബാധയുണ്ടാകുമോയെന്ന് സംശയമുണ്ട്. ഇന്ത്യ ഈ വാദത്തെ തള്ളിക്കളയുന്നു. രണ്ടും തമ്മിൽ കാര്യമായ പൊരുത്തങ്ങൾ ഉള്ളതുകൊണ്ട് വീണ്ടും വൈറസ് ബാധയേൽക്കില്ലെന്നാണു വാദം.

Read more

ഏഷ്യയിലും യൂറോപ്പിലും ബിഎ.2 വ്യാപകമാണ്. ഡെന്മാർക്കിൽ ഇതു മിന്നൽവേഗത്തിൽ പടർന്നു. ആകെ 54 രാജ്യങ്ങളിൽ ഇതുവരെ സ്ഥിരീകരിച്ചു.