അഖിലേഷിനെ തിരഞ്ഞെടുത്താൽ യു.പിയിൽ വീണ്ടും ഗുണ്ടാരാജ് - അമിത് ഷാ

പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയെയും അധ്യക്ഷൻ അഖിലേഷ് യാദവിനെയും കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. അഖിലേഷിനെ തിരഞ്ഞെടുത്താൽ യുപിയിൽ വീണ്ടും ഗുണ്ടാരാജ് അരങ്ങേറുമെന്ന് അദ്ദേഹം പറഞ്ഞു.‘എസ്.പി നേതാവ് അസം ഖാന്‍ അറസ്റ്റിലായി. അദ്ദേഹത്തിനെതിരെ ഒരുപാടു കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. അഖിലേഷ് ഇപ്പോൾ നിയമത്തെക്കുറിച്ച് വാചാലനാകുന്നു. നിങ്ങൾക്കു നാണമില്ലേ?’– മഥുരയിലെ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ ചോദിച്ചു.

‘യു.പിയിലെ ജനങ്ങളെ ഒരു കാലത്തു ഗുണ്ടാനേതാക്കളും കുറ്റവാളികളും വലച്ചിരുന്നു. പൊലീസിനു പോലും അവരെ ഭയമായിരുന്നു. സ്ത്രീകളും കുട്ടികളും വീടിനു പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. ഗുണ്ടാനേതാക്കൾക്കു പൊലീസിനെ ഭയമുണ്ട്. അവർ സ്വമേധയാ കീഴടങ്ങുകയാണ്.

കുറ്റവാളികളെ ഞങ്ങൾ അഴിക്കുള്ളിലാക്കി. കുടുംബ ഭരണത്തിൽനിന്നും ജാതി അടിസ്ഥാനമാക്കിയുള്ള ഭരണത്തിൽനിന്നും ഞങ്ങൾ യു.പിയെ മോചിപ്പിച്ചു. വികസനത്തിൽ ശ്രദ്ധയൂന്നി. ഇക്കാര്യം നിങ്ങൾക്കു കണ്ണുതുറന്നു കാണാമല്ലോ.

യു.പി ഇല്ലാതെ ഇന്ത്യയ്ക്കു മുന്നേറാനാകില്ല. 20 കോടി ജനങ്ങളാണു യുപിയിൽ താമസിക്കുന്നത്. നിങ്ങളുടെ വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ് ഇപ്പോൾ യു.പിയുടെ നിലവാരം മെച്ചപ്പെടുന്നത്. ഇന്ത്യയുടെ ഭാവി എന്തെന്നു യു.പി തീരുമാനിക്കും’– അമിത് ഷാ പറഞ്ഞു.