മരണശേഷം കൂടിപ്പോയാൽ പതിനഞ്ച് വര്‍ഷം ആളുകളെന്നെ ഓര്‍ക്കും: മമ്മൂട്ടി

മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ടർബോ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. അഞ്ച് ദിവസങ്ങൾ കൊണ്ട് ചിത്രം 50 കോടി ക്ലബ്ബിൽ കയറിയെന്നതെന്നും ശ്രദ്ധേയമായ കാര്യമാണ്.

ഇപ്പോഴിതാ മരണശേഷം തന്നെ എത്രപേർ ഓർക്കുമെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. മരണശേഷം കൂടിപോയാൽ പതിനഞ്ച് വർഷം ആളുകൾ തന്നെ ഓർത്തിരിക്കുമെന്നും, ലോകാവസാനം വരെ ആളുകള്‍ ഓര്‍ക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും പറഞ്ഞ മമ്മൂട്ടി ആയിരകണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് താനെന്നും കൂട്ടിചേർത്തു.

“ഒരു വര്‍ഷമോ പത്ത് വര്‍ഷമോ പതിനഞ്ച് വര്‍ഷമോ അവരെന്നെ ഓര്‍ക്കും. അത്രയുള്ളു. ലോകാവസാനം വരെ ആളുകള്‍ ഓര്‍ക്കുമെന്ന് പ്രതീക്ഷിക്കരുത്. ആരുടെ കാര്യത്തിലും അങ്ങനെ സംഭവിക്കില്ല. മഹാന്‍മാരായ മനുഷ്യരെപോലും കുറച്ചുകാലമേ ഓര്‍ക്കുകയുള്ളു. അതും വളരെ കുറച്ച് ആളുകള്‍ മാത്രം. ആയിരം അഭിനേതാക്കള്‍ക്കിടയില്‍ ഒരാള്‍ മാത്രമാണ് ഞാന്‍.

അങ്ങനെയുള്ളപ്പോള്‍ ആളുകള്‍ എന്നെ എങ്ങനെ വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും. അതിലെനിക്ക് ഒരു പ്രതീക്ഷയുമില്ല. നമ്മള്‍ ഈ ഭൂമിയില്‍ ഇല്ലെങ്കില്‍ ആളുകളെങ്ങനെ നമ്മളെക്കുറിച്ച് അറിയും. എല്ലാവരും വിചാരിക്കുന്നത് ലോകാവസാനം വരെ അവരെ ആളുകള്‍ ഓര്‍ക്കുെമന്നാണ്, എന്നാല്‍ അതൊരിക്കലും സാധ്യമല്ല.” എന്നാണ് ഒരഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞത്.

അതേസമയം പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടർബോ. ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന അരുവിപ്പുറത്ത് ജോസ് എന്ന ജീപ്പ് ഡ്രൈവറായാണ് ടർബോയിൽ മമ്മൂട്ടി എത്തുന്നത്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്.
ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഭ്രമയുഗത്തിന് സംഗീത സംവിധാനം നിർവഹിച്ച ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍.