സ്‌കൂള്‍ പൂട്ടിയപ്പോള്‍ തെരുവ് ക്ലാസ്സാക്കിയ അദ്ധ്യാപകന്‍

മറ്റേതു തൊഴിലും പോലെ അദ്ധ്യാപനവും പ്രതിഫലം ലഭിക്കുന്ന ഒരു തൊഴിലാണ്. എങ്കിലും മറ്റു നിര്‍മ്മാണങ്ങളേക്കാള്‍ അല്പം കൂടി ക്ഷമവേണം എന്നത് തിരിച്ചറിയുമ്പോള്‍ അര്‍ഹരായ അദ്ധ്യാപകരെ അല്‍പം കൂടുതല്‍ ബഹുമാനിക്കുന്നതും നമ്മുടെ ശീലമാണ്. കോവിഡ് അവധിക്കാലത്ത് മാസങ്ങളായി ഉണ്ടും ഉറങ്ങിയും സര്‍ക്കാറിന്റെ ശമ്പളം വാങ്ങി വീട്ടിലിരിക്കുമ്പോള്‍ സ്വന്തം വിദ്യാര്‍ത്ഥികളടക്കം ദുരിതമനുഭവിക്കുന്നവര്‍ക്ക് റേഷന്‍ കൊടുക്കാനായി ഒരു ആറുദിവസത്തെ ശമ്പളം കടമായി ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അദ്ധ്യാപകരും നമ്മുടെ നാട്ടിലുണ്ട്.

ഇതാ ഇവിടെ ഒരദ്ധ്യാപകന്‍. പേര് ദീപ് നാരായണ്‍ നായക്. പ്രായം 34 വയസ്സ്. സ്ഥലം ബംഗാളില്‍ പടിഞ്ഞാറന്‍ ബര്‍ദ്ധമാന്‍ ജില്ലയിലെ ഗോത്രവര്‍ഗ്ഗ ഗ്രാമമായ ജോബാ അത്ത്പാറ. ആ ഗ്രാമത്തിലെ ഒരേയൊരു സ്‌കൂള്‍ കഴിഞ്ഞ കൊല്ലം മാര്‍ച്ച് 24-ന് അടച്ചിടുമ്പോള്‍ ഏറ്റവുമധികം വേദനിച്ചയാള്‍ പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായ ദീപക് നാരായണ്‍ ആണ്. മാസങ്ങള്‍ കഴിഞ്ഞിട്ടും തത്സ്ഥിതി തുടര്‍ന്നപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. കുട്ടികള്‍ താമസിക്കുന്ന കോളനിയില്‍ ചെന്നു. ഓരോ വീടുകളുടെയും മതിലില്‍ പെയ്ന്റ് ചെയ്ത് ബ്ലാക്ക് ബോര്‍ഡുകളും ചിത്രങ്ങളും വരച്ചു. അദ്ധ്യാപനം ആരംഭിച്ചു.

റസ്താര്‍ മാസ്റ്റര്‍ എന്നാണിപ്പോള്‍ അദ്ദേഹം അറിയപ്പെടുന്നത്. തെരുവിലെ അദ്ധ്യാപകന്‍ എന്നര്‍ത്ഥം. എല്ലാ ക്ലാസ്സുകളിലെയും എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന ദീപക് നഴ്‌സറി ഗാനങ്ങള്‍ മുതല്‍ പകര്‍ച്ചവ്യാധിക്കെതിരായ ബോധവത്കരണവും ശാസ്ത്രീയമായിത്തന്നെ നല്‍കുന്നുണ്ട് ഗ്രാമീണര്‍ക്ക്. മാത്രമോ.. ആ തുറന്ന വിദ്യാലയത്തില്‍വെച്ചുതന്നെ ലാപ്‌ടോപ്പും മൈക്രോസ്‌കോപ്പും ഉപയോഗിക്കാന്‍കൂടി പരിശീലനം നല്‍കുകയാണിപ്പോള്‍.

റോഡ് സ്‌കോളേഴ്‌സ് എന്ന സംഘടന നടത്തിയ സര്‍വ്വേ പ്രകാരം രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ 8% കുട്ടികള്‍ക്കേ കൃത്യമായി ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നുള്ളൂ. 37% പേര്‍ തീരെ വിദ്യാഭ്യാസം നേടുന്നില്ല. പകുതിയിലധികം പേര്‍ക്കും ഏതാനും വാക്കുകളിലധികം വായിക്കാനറിയില്ല. ഭൂരിപക്ഷം രക്ഷിതാക്കളും സ്‌കൂളുകള്‍ വേഗം തുറക്കണം എന്നാഗ്രഹിക്കുന്നവരാണ്.

എന്റെ കുട്ടികളെ കാലിമേയ്ക്കാന്‍ വിടാനുള്ളതല്ല. സ്‌കൂള്‍ അടച്ചെന്നോര്‍ത്ത് അവരുടെ പഠനം മുടങ്ങാന്‍ ഞാന്‍ അനുവദിക്കില്ല. ദീപക് നാരായണന്‍ പറഞ്ഞുനിര്‍ത്തുന്നു.