സല്‍മാന്‍ ഖാന്റെ പരാതി : 'സെല്‍മോണ്‍ ഭോയ്' ഗെയിം കോടതി തടഞ്ഞു.

സല്‍മാന്‍ ഖാന്‍ പ്രതിയായ വാഹന അപകടവുമായി സാമ്യം തോന്നിക്കുന്ന ‘സെല്‍മോണ്‍ ഭോയ്’ എന്ന വീഡിയോ ഗെയിം അക്‌സസ്സ് ചെയ്യുന്നത് മുംബൈ സിവില്‍ കോടതി താത്കാലികമായി തടഞ്ഞു. സല്‍മാന്‍ ഖാന്റെ പരാതിയിന്‍മേലാണ് കോടതി ഉത്തരവായത്. 2002 ല്‍ മദ്യലഹരിയിലായിരുന്ന സല്‍മാന്‍ ഖാന്‍ ഓടിച്ച കാര്‍ വഴിയരികില്‍ കിടന്നുറങ്ങിയിരുന്ന അഞ്ച് ആളുകളുടെ മേല്‍ കയറുകയും ഒരാള്‍ മരിക്കാനും ഇടയായ സംഭവത്തില്‍ കോടതി സല്‍മാന് അഞ്ചുകൊല്ലം തടവുശിക്ഷ വിധിച്ചിരുന്നു.

പാരഡി സ്റ്റുഡിയോസ് എന്ന കമ്പനിയാണ് ഗെയിം നിര്‍മ്മിച്ചത്. സെല്‍മാണ്‍ ഭോയ് എന്നത് സല്‍മാന്‍ ഭായ് എന്നതിന്റെ ബംഗാളി ഉച്ഛാരണമാണ്. മാത്രമല്ല ഗെയിമിന്റെ ഫെയ്‌സ്‌പേജിലെ ചിത്രത്തിനും സല്‍മാന്‍ ഖാന്റെ ഛായയാണുള്ളത്.

ഓഗസ്റ്റ് അവസാനവാരത്തിലാണ് ഇത്തരമൊരു ഗെയിം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നു കാട്ടി താരം പരാതി കൊടുത്തത്. താന്‍ ഒരു രീതിയിലും ഇതിന് അനുമതി കൊടുത്തിട്ടില്ല എന്ന സത്യവാങ്മൂലം സമര്‍പ്പിച്ചതിനുപിന്നാലെയാണ് കോടതിയുടെ വിധിയുണ്ടായത്.