രാഹുലിന്റെ കോട്ടിനെതിരെ ബിജെപി; 'സ്യൂട്ട് - ബൂട്ട്' വിവാദം വീണ്ടും

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ധരിച്ച കോട്ടിന്റെ വിലയെച്ചൊല്ലി ആരോപണവുമായി ബിജെപി രംഗത്ത്. മേഘാലയയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ രാഹുൽ ഷില്ലോങ്ങിൽ സംഗീതപരിപാടിക്ക് എത്തിയപ്പോൾ ധരിച്ച മേൽക്കുപ്പായമാണു പുതിയ രാഷ്ട്രീയ വിവാദം.

ബ്രിട്ടിഷ് ആഡംബര ബ്രാൻഡിന്റെ ഏകദേശം 70,000 രൂപ വിലമതിക്കുന്ന ജാക്കറ്റാണിതെന്ന്, വിലയുൾപ്പെടുന്ന മറ്റൊരു ചിത്രം സഹിതം ട്വിറ്ററിലൂടെ പരസ്യപ്പെടുത്തി ബിജെപി മേഘാലയ ഘടകമാണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ, രാഹുൽ ധരിച്ചത് 700 രൂപ മാത്രം വിലയുള്ള ജാക്കറ്റ് ആണെന്നു കോൺഗ്രസ് മറുപടി നൽകിയതോടെ സമൂഹമാധ്യമങ്ങളിൽ വാദം കനത്തു.

കറുത്ത ജാക്കറ്റും നീല ജീൻസും ധരിച്ചാണു ഷില്ലോങ്ങിൽ ചൊവ്വാഴ്ച രാഹുൽ പരിപാടിക്കെത്തിയത്. വേദിയിൽ യുവാക്കളോടു സംസാരിക്കുകയും ചെയ്തു. നരേന്ദ്ര മോദി സർക്കാരിനെ നേരത്തേ ‘സ്യൂട്ട് – ബൂട്ട് സർക്കാർ’ എന്നു പരിഹസിച്ചതിനു മറുപടി നൽകാനുള്ള അവസരമായാണു ബിജെപി ഇതിനെ ഉപയോഗിച്ചത്. എന്നാൽ, കേന്ദ്രത്തിൽ ‘സ്യൂട്ട് – ബൂട്ട്’ സർക്കാരുള്ള ബിജെപിക്കു രാഹുലിനെ വിമർശിക്കാൻ അർഹതയില്ലെന്നു കോൺഗ്രസ് നേതാവ് രേണുക ചൗധരി പ്രതികരിച്ചു.

യുവാക്കൾക്കിടയിൽ രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർധിക്കുന്നതിലുള്ള വെപ്രാളമാണു ബിജെപിക്ക്. ഇതേ ജാക്കറ്റ് 700 രൂപയ്ക്കു താൻ ഹാജരാക്കാമെന്നും രേണുക ചൗധരി പറഞ്ഞു. സ്യൂട്ട് – ബൂട്ട് വിവാദം 2015ൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാസന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച, സ്വന്തം പേരു തുന്നിയ കോട്ടിനെച്ചൊല്ലി ഉയർന്നതാണു ‘സ്യൂട്ട് – ബൂട്ട്’ വിവാദം.

രാഹുൽ ഉൾപ്പെടെയുള്ള നേതാക്കൾ സർക്കാരിനെ പരിഹസിക്കാൻ ഈ വാക്ക് പ്രയോഗിച്ചിരുന്നു. വിവാദമായ മോദി സ്യൂട്ട് പിന്നീടു ലേലം ചെയ്തപ്പോൾ 4.31 കോടി രൂപയ്ക്കാണു സൂറത്തിലെ ബിസിനസുകാരൻ വാങ്ങിയത്. വിവിഐപികളോടു ചെയ്യുന്നപോലെ പാവങ്ങളെ ആശ്ലേഷിക്കാൻ തയാറല്ലാത്ത മോദി, ഇപ്പോഴും സ്യൂട്ട് – ബൂട്ട് ശൈലിയുടെ വക്താവാണെന്നു മേഘാലയയിലും രാഹുൽ ആരോപിച്ചിരുന്നു.