പുരുഷനൊപ്പമല്ലാതെ ഹജ്: ചോദ്യം ചെയ്യപ്പെടുന്നത് പ്രധാനമന്ത്രിയുടെ അവകാശവാദം

ന്യൂഡൽഹി∙ പുരുഷന്റെ കൂടെയല്ലാതെ ഹജ് തീർഥാടനത്തിനു സ്‌ത്രീകൾക്കു സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലൂടെ കാലങ്ങളായുള്ള അനീതി താൻ നീക്കിയെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നു. നാലു സ്‌ത്രീകളുടെ വീതം സംഘങ്ങളെ അനുവദിക്കാൻ സൗദി അറേബ്യ തീരുമാനിച്ച പശ്‌ചാത്തലത്തിലുള്ള നടപടി മാത്രമാണ് ഇന്ത്യയുടേതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

സൗദിയുടെ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ സ്‌ത്രീകൾക്കു സംഘമായുള്ള യാത്ര ഈ വർഷം അനുവദിച്ചിട്ടുണ്ട്. അതനുസരിച്ചു കേരളത്തിൽനിന്ന് 281 കവറുകളിലായി അപേക്ഷിച്ച 1124 സ്ത്രീകൾക്ക് ഇത്തവണ കേന്ദ്ര ഹജ് കമ്മിറ്റി അനുമതി നൽകിയതായി സംസ്‌ഥാന ഹജ് കമ്മിറ്റി അധ്യക്ഷൻ തൊടിയൂർ മുഹമ്മദ് മൗലവി പറഞ്ഞു.

പുരുഷൻമാർ ഒപ്പമില്ലാതെ സ്‌ത്രീകൾ ഹജിന് എത്തുന്നതിനു നേരത്തെ വിലക്കുണ്ടായിരുന്നു. നൈജീരിയയിൽ നിന്നു ഹജിനു ചെന്ന ആയിരത്തോളം സ്‌ത്രീകളെ സൗദി മടക്കിയയച്ചതു 2012ൽ വിവാദമായി. പിന്നീടാണു വ്യവസ്‌ഥ മാറ്റാൻ സൗദി തീരുമാനിച്ചത്. അതനുസരിച്ചു, പുരുഷൻമാരുടെ ഒപ്പമല്ലാതെ സ്‌ത്രീകളെ ഹജിന് അയയ്‌ക്കുന്നതിനു മറ്റു രാജ്യങ്ങൾക്കു സൗദിയുമായി ഉഭയകക്ഷി കരാറാവാം. ഇതാണു കാലങ്ങളായുള്ള അനീതി താൻ നീക്കിയതായി ‘മൻ കി ബാത്’ റേഡിയോ പ്രഭാഷണത്തിലൂടെ മോദി അവകാശപ്പെട്ടത്.

45 വയസിൽ കൂടുതൽ പ്രായമുള്ള സ്‌ത്രീകളുടെ നാൽവർ സംഘത്തെയാണു പുരുഷൻമാരുടെ ഒപ്പമല്ലാതെ ഹജിന് അനുവദിക്കുന്നത്. അത്തരത്തിൽ യാത്ര ചെയ്യുന്നതിനു പിതാവോ ഭർത്താവോ സഹോദരനോ മകനോ അനുവദിക്കുന്നതായ രേഖ നോട്ടറി സാക്ഷ്യപ്പെടുത്തി നൽകണം. ഈ സൗകര്യത്തെ മലേഷ്യയും സിംഗപ്പൂരുമുൾപ്പെടെ പല രാജ്യങ്ങളിലുമുള്ളവർ പ്രയോജനപ്പെടുത്തുന്നുണ്ടെന്നു തൊടിയൂർ മുഹമ്മദ് മൗലവി പറഞ്ഞു.

കേരളത്തിൽനിന്ന് ഹജ് യാത്ര ഉറപ്പിച്ച് 2324 പേർ

കൊണ്ടോട്ടി∙ കേരളത്തിൽനിന്ന് 2324 പേരുടെ ഹജ് യാത്ര ഉറപ്പായി. 40 വയസ്സു കഴിഞ്ഞ സ്ത്രീ സംഘങ്ങളിലെ 1124 പേർക്കും 70 വയസ്സു കഴിഞ്ഞവരും അവരുടെ സഹായികളും ഉൾപ്പെടെയുള്ള 1200 പേർക്കുമാണിത്. ഇരുവിഭാഗത്തിനും നറുക്കെടുപ്പില്ല. സ്ത്രീ തീർഥാടകർക്കുള്ള സീറ്റുകൾ കേന്ദ്ര ക്വോട്ടയിൽനിന്നു പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിനു കിട്ടുന്ന ഹജ് സീറ്റുകളെ അതു ബാധിക്കില്ല.