കേന്ദ്ര ബജറ്റില്‍ ഇടം നേടി കുമരകം: ഗവി, വാഗമണ്‍, തേക്കടിക്കും കൈനീക്കം

കേരളത്തിന്റെ സ്വന്തം കുമരകം ഉൾപ്പെടെ, രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിനു ബജറ്റിൽ ശുപാർശ. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ഇവ മാതൃകാ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും. രാജ്യത്തെ മുൻനിര ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

പദ്ധതിയിലെ മറ്റിടങ്ങൾ: താജ്മഹൽ, ഫത്തേപ്പുർ സിക്രി (യുപി), അജന്ത, എല്ലോറ (മഹാരാഷ്ട്ര), ഹുമയൂൺ ശവകുടീരം, ചെങ്കോട്ട, കുത്തുബ് മിനാർ (ഡൽഹി), മോർജിം ബീച്ച് (ഗോവ), അമേർ കോട്ട (രാജസ്ഥാൻ), സോമനാഥ് ക്ഷേത്രം (ഗുജറാത്ത്), ഖജുരാഹോ (മധ്യപ്രദേശ്), ഹംപി (കർണാടക), മഹാബലിപുരം (തമിഴ്നാട്), കാസിരംഗ (അസം).പദ്ധതിക്കായുള്ള ബജറ്റ് ശുപാർശയിൽ കുമരകം ഉണ്ടായിരുന്നില്ലെങ്കിലും ടൂറിസം മന്ത്രാലയത്തിന്റെ അഭ്യർഥന കണക്കിലെടുത്തു പിന്നീട് ഉൾപ്പെടുത്തുകയായിരുന്നുവെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു.

പത്തനംതിട്ട – ഗവി – വാഗമൺ – തേക്കടി ടൂറിസം പാത ഉൾപ്പെടെ രാജ്യത്തെ വിവിധ മേഖലകളിലെ വിനോദസഞ്ചാര ഇടങ്ങളെ കോർത്തിണക്കുന്ന സ്വദേശ് ദർശൻ പദ്ധതിക്ക് 1100 കോടി രൂപ അനുവദിച്ചു. പുരാവസ്തു ഗവേഷണ വകുപ്പിനു കീഴിലുള്ള 110 ആദർശ് സ്മാരകങ്ങളിൽ സന്ദർശകർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കും. വിനോദസഞ്ചാര മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടിയും തീർഥാടന കേന്ദ്ര വികസനത്തിനുള്ള പ്രസാദ് പദ്ധതിക്കു 150 കോടിയും അനുവദിച്ചു. വിദേശ സഞ്ചാരികളെ ആകർഷിക്കാൻ ഇ–വീസ നടപടിക്രമങ്ങൾ ലളിതമാക്കും. ഓൺലൈൻ മുഖേന അപേക്ഷിച്ചു രണ്ടു ദിവസത്തിനുള്ളിൽ വീസ ലഭ്യമാക്കും. ജല വിമാന പദ്ധതിയുടെ പ്രചാരണത്തിന് ഊന്നൽ നൽകുമെന്നും ബജറ്റ് വ്യക്തമാക്കി.