പരിസരമലിനീകരണം കുറയ്ക്കാന്‍ പദ്ധതി;ഗോവയില്‍ വൈദ്യുത ബസ് സര്‍വീസ് തുടങ്ങി

ഗോവ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വൈദ്യുത ബസ്സുകള്‍ നിരത്തിലിറക്കുന്നു. ആദ്യത്തെ ബസ്സിന്റെ പരീക്ഷണ ഓട്ടം പനജി ബസ് സ്റ്റാന്‍ഡ് പരിസരത്ത് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗതാഗതമന്ത്രി സുധിന്‍ ധവലീക്കാര്‍, കെ.ടി.സി. ചെയര്‍മാന്‍ കാര്‍ലോസ് അല്‍മയ്ഡ, ജനറല്‍ മാനേജര്‍ സഞ്ജയ് ഗാട്ടെ എന്നിവര്‍ സംസാരിച്ചു.

രാജ്യത്ത് ആദ്യമായാണ് ഒരുസംസ്ഥാനത്ത് വൈദ്യുത ബസ്സുകള്‍ സര്‍വീസ് തുടങ്ങുന്നത്. ഗോവയില്‍ പരിസരമലിനീകരണം കുറയ്ക്കുന്നതിന്റെയും ഹരിതവത്കരണം നടപ്പാക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഈ ഒരുസംരംഭത്തിന് ഗതാഗത വകുപ്പ് മുന്നോട്ട് വന്നത്.

ഒരുവര്‍ഷത്തിനുള്ളില്‍ 100 വൈദ്യുത ബസ്സുകള്‍ നിരത്തിലിറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണമായും സ്വകാര്യ കമ്പനിയാണ് ബസ്സുകളുടെ മേല്‍നോട്ടം വഹിക്കുന്നത്. ഒരു ബസ്സിന് ഏകദേശം

രണ്ടുകോടി രൂപ വിലവരുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. കിലോമീറ്ററിന് 60 രൂപ നിരക്കില്‍ സര്‍ക്കാര്‍ ഈ കമ്പനിക്ക് വാടക നല്‍കണം. ബസ്സിന്റെ അറ്റകുറ്റപ്പണികളും ഡ്രൈവര്‍മാരുടെ വേതനവും കമ്പനി നല്‍കും. 12 മീറ്റര്‍ നീളമുള്ള ബസ്സില്‍ 324 കെ.വി.യുടെ ബാറ്ററിയാണുള്ളത്.

നാലുമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്ററോളം ഓടാനാവും. വൈദ്യുത ബസ്സുകള്‍ മാത്രമല്ല ഫെബ്രുവരി 10 മുതല്‍ ഗോവയില്‍ ബയോഗ്യാസ് ബസ്സുകളും നിരത്തിലിറക്കുമെന്ന് ഗതാഗതമന്ത്രി സുധിന്‍ ധവലീക്കാര്‍ അറിയിച്ചു.