ഉണരാന്‍ വൈകിയതിന് മൊഴി ചൊല്ലി; അവര്‍ വീണ്ടും ഒന്നാകുന്നു

ബറേലി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്‍ ലോക്സഭ അംഗീകരിച്ചതിനു പിന്നാലെ വിവാഹ മോചനം നേടിയ ദമ്പതികള്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു.

ലോക്സഭയില്‍ മുത്തലാഖ് ബില്ലിനൊപ്പം ഉണരാന്‍ വൈകിയതിനു മൊഴി ചൊല്ലിയ വനിതയുടെ ദുരവസ്ഥയും കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് പരാമര്‍ശിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ബറേലിക്കു സമീപം രാംപുറിലാണ് ഉണരാന്‍ വൈകിയതിനു യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലിയത്. ചൊവ്വാഴ്ചയാണ് യുവതിയെ മൊഴിചൊല്ലിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുമെന്ന അറിവ് ഭര്‍ത്താവിനെ തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചു.

പുനര്‍ വിവാഹത്തിന് ഒരുക്കമാണെന്ന് ദമ്പതികള്‍ അറിയിച്ചതോടെ ഇദ്ദത്, ഹലാല എന്നിവയ്ക്കു ശേഷം ഭര്‍ത്താവിനെ പുനര്‍ വിവാഹം ചെയ്യാന്‍ യുവതിയോട് പ്രാദേശിക പഞ്ചായത്ത് ആവശ്യപ്പെട്ടു.

വിവാഹം ബന്ധം വേര്‍പ്പെടുത്തിക്കഴിഞ്ഞു കുറച്ചുനാള്‍ ഭാര്യ കാത്തിരിക്കുന്നതാണ് ഇദ്ദത്. കാത്തിരിപ്പിനു ശേഷം മറ്റൊരാളെ പ്രതീകാത്മമായി വിവാഹം ചെയ്യുന്നതാണു ഹലാല. ഇയാളുമായി ബന്ധം വേര്‍പ്പെടുത്തിയ ശേഷം സ്ത്രീക്ക് ആദ്യ ഭര്‍ത്താവിനെ വീണ്ടും വരിക്കാം.
21 വയസുകാരിയായ യുവതി അധികസമയം ഉറങ്ങിയതിനാണു ഭര്‍ത്താവ് പുറത്താക്കിയത്.

ബന്ധം പിരിഞ്ഞതോടെ യുവതി സ്വന്തം വീട്ടിലേക്ക് പോയി. ഡ്രൈവറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് യുവതിയുടെ കൂടെ ഇനി ജീവിക്കില്ലെന്നു പറഞ്ഞിരുന്നു. മുത്തലാഖ് അംഗീകരിക്കില്ലെന്ന നിലപാടില്‍ ഭാര്യ ഉറച്ചു നിന്നതോടെയാണ് പഞ്ചായത്ത് ഇടപെട്ടത്.