ആ ഗാനം നിലച്ചു

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഇതിഹാസ ഗായകൻ, ഗാനാലാപന ശൈലി കൊണ്ട് ആസ്വാദകരിൽ നവ്യാനുഭവം പകർന്ന സംഗീത മാന്ത്രികൻ.   എന്നിങ്ങനെ നിരവധി  പകരം വെയ്ക്കാനില്ലാത്ത  വിശേഷണങ്ങൾ ബാക്കിയാക്കിയാണ് എസ് പി ബാലസുബ്രഹ്മണ്യം എന്ന അതുല്യ സംഗീത പ്രതിഭ കടന്നു പോകുന്നത്.

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂൺ 4-നാണ് എസ്.പി.ബി. ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ്  എസ്. പി. സംബമൂർത്തി  ഒരു ഹരികഥാ കലാകാരനായിരുന്നു. തന്റെ കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

1964- ൽ മദ്രാസ് ആസ്ഥാനമായുള്ള തെലുങ്ക് കൾച്ചറൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച അമേച്വർ ഗായകർക്കുള്ള സംഗീത മത്സരത്തിൽ അദ്ദേഹം ഒന്നാം സമ്മാനം നേടി. എസ്. പി. കോദണ്ഡപാണി, ഗന്ധശാല എന്നിവർ വിധികർത്താക്കളായിരുന്ന ഒരു ആലാപന മത്സരത്തിൽ മികച്ച ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

അക്കാലത്ത്  എസ്. പി. ബി അവസരങ്ങൾ തേടി സംഗീതസംവിധായകരെ പലപ്പോഴും സന്ദർശിക്കാറുണ്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഓഡിഷൻ ഗാനം “നിലവെ എന്നിടം നെരുങ്കാതെകാതെ” ആയിരുന്നു.

അടിമ പെൺ എന്ന എം ജി ആർ ചിത്രത്തിലെ ആയിരം നിലവേ വാ…” എന്ന പാട്ടാണ് തമിഴിൽ ആദ്യം പുറത്തുവന്ന എസ്.പി. ബിയുടെ ചലച്ചിത്രഗാനം. കെ.വി. മഹാദേവൻ ഈണം പകർന്ന ആ ഗാനം  എസ് പി ബിയുടെ ആലാപന മാധുരിയിൽ ഒറ്റ രാത്രി കൊണ്ട് തമിഴകത്തെ ഇളക്കിമറിച്ചു. ഈ ഗാനം പാടാൻ അദ്ദേഹത്തിന് അവസരമൊരുക്കിയത് സാക്ഷാൽ എം ജി ആർ തന്നെയായിരുന്നു.

തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി നാൽപതിനായിരത്തിലധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. എന്നാൽ തമിഴിലാണ് അദ്ദേഹം കൂടുതൽ പാടിയിട്ടുള്ളത്. അതിനാൽ തന്നെ എസ്.പി.ബി തമിഴ് നാട്ടുകാരനാണ് എന്നുതന്നെയും ആരാധകർ വിശ്വസിക്കുന്നുണ്ട്.

എന്നാൽ  എസ്പിബിയുടെ ബോളിവുഡിലെ തുടക്കം ശുഭകരമായിരുന്നില്ല. ഹിന്ദി ഉച്ചാരണം ശരിയല്ലെന്നുപറഞ്ഞ് പ്രശസ്ത സംഗീത സംവിധായകർ തന്നെ മാറ്റി നിർത്തിയ കാലത്താണ് ലക്ഷ്മികാന്ത്– പ്യാരേലാൽ സംഗീതം നൽകിയ ‘ഏക് ദൂജേ കേലിയേ’യിലൂടെ  ഹിന്ദിയിൽ അശ്വമേഥം നടത്തിയത്. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും (1981) ഈ ദക്ഷിണേന്ത്യക്കാരൻ സ്വന്തമാക്കി.

ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തെ ഉപയോഗിച്ച് ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോക റെക്കോഡ് എസ്.പി.ബി ക്ക് സ്വന്തമാണ്.

ഗായകനെന്നതിന്റെയൊപ്പം നടൻ, സംഗീതസംവിധായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്.

ആരാധകരുടെ അശ്രുപൂജയേറ്റുവാങ്ങി
എസ്പി ബി യാത്രയാകുമ്പോൾ തെന്നിന്ത്യൻ സംഗീതലോകത്തിലെ മാസ്മരികമായ ഒരു കാലഘട്ടത്തിന് തന്നെയാണ് തിരശീല വീഴുന്നത്. കാലങ്ങളെത്ര കഴിഞ്ഞാലും ഗാനങ്ങളിലൂടെ എസ്പിബി ജീവിയ്ക്കും.
തെന്നിന്ത്യൻ ചലച്ചിത്ര സംഗീത രംഗത്ത് അദ്ദേഹത്തിന്റെ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും.

ജ്യോതിസ് മേരി ജോൺ