പതിനായിരങ്ങൾ മുടക്കി സംഗീതനിശയ്ക്ക് എത്തിയത് അമ്പതിനായിരത്തോളം പേർ; 'ചരിത്രത്തിലെ ഏറ്റവും മോശം കച്ചേരി' യെന്ന് ആരാധകർ; എ. ആർ റഹ്മാനെതിരെയും സംഘാടകർക്കെതിരെയും പ്രതിഷേധം !

എ.ആർ റഹ്മാനെതിരെയും അദ്ദേഹത്തിന്റെ സം​ഗീതനിശ നടത്തിയ സംഘാടകർക്കെതിരെയും ആഞ്ഞടിച്ച് സോഷ്യൽ മീഡിയയിലടക്കം ആരാധകർ. കഴിഞ്ഞ ദിവസം ചെന്നൈയിലെ ആദിത്യരാം പാലസിലാണ് ‘മറക്കുമാ നെഞ്ചം’ എന്ന പരിപാടി നടന്നത്. പതിനായിരവും അയ്യായിരവും കൊടുത്ത് ടിക്കെടുത്ത നിരവധി സംഗീത പ്രേമികൾക്ക് സംഗീതനിശ നടക്കുന്നിടത്തേക്ക് അടുക്കാൻ പോലും സാധിക്കാതെ വന്നതാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്.

പരിപാടിയുടെ സംഘാടനം മോശമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. അമ്പതിനായിരത്തോളം ആളുകളാണ് സംഗീത പരിപാടിയ്ക്കായി പാലസിൽ എത്തിയത്. എന്നാൽ ഇത്രയും ആളുകളെ ഉൾപ്പെടുത്താൻ സംഘാടകർക്കായില്ല. അനുവദനീയമായതിലും കൂടുതൽ ടിക്കറ്റുകൾ വിറ്റതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആരാധകർ ആരോപിക്കുന്നത്.

പരിപാടി നടക്കുന്ന വേദിയിലേക്ക് കിലോ മീറ്ററുകളോളം നടന്നെത്തിയിട്ടും ഇരിപ്പിടമോ പരിപാടി കാണാനോ സാധിച്ചില്ല എന്നാണ് ടിക്കറ്റ് എടുത്തവർ പറയുന്നത്. തിക്കിലും തിരക്കിലും സ്ത്രീകൾക്കും കുട്ടികളും ഉൾപ്പെടെയുള്ളവർ കുടുങ്ങി എന്ന് മാത്രമല്ല രക്ഷിതാക്കളുടെ അടുക്കൽ നിന്നും കുട്ടികൾ കൈവിട്ടു പോകുന്ന അവസ്ഥയിലേക്കും എത്തി. തിരക്കിനിടയിൽ സ്ത്രീകളെ അപമാനിക്കാൻ ശ്രമം നടന്നു എന്നും ആരോപണമുയർന്നിട്ടുണ്ട്.

ആളുകളിൽ നിന്ന് അയ്യായിരവും പതിനായിരവും ഈടാക്കി സംഗീതനിശയെന്ന  പേരിൽ വലിയ കൊള്ളയാണ് പരിപാടിയുടെ സംഘാടകർ നടത്തിയത് എന്നും വിമർശനം ഉയരുന്നുണ്ട്. സംഗീത ജീവിതത്തിൽ എ ആർ റഹ്മാൻ 30 വർഷം പൂർത്തിയാകുന്നതിന് ഭാഗമായാണ് ലോകമെമ്പാടും സംഗീതനിശ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ചെന്നൈയിൽ ഒരു മാസം മുൻപ് നടത്താൻ തീരുമാനിച്ചിരുന്ന ഷോ കാലാവസ്ഥ കാരണം മാറ്റി വെക്കുകയിരുന്നു.

സംഘാടനത്തിൽ ഉണ്ടായ പ്രശ്നങ്ങൾ മുൻനിർത്തി ആരാധകരോട് എ ആർ റഹ്മാൻ മാപ്പ് പറയണമെന്നും ചിലർ ആവശ്യമുയർത്തുന്നുണ്ട്. എന്നാൽ വിഷയത്തിൽ റഹംണ് ഇതുവരെ പ്രതികരിച്ചിട്ടില്ല.