വർഷങ്ങൾക്ക് മുമ്പ് നിർത്തിവെയ്ക്കേണ്ടി വന്ന സിനിമ ; കമലഹാസന്റെ 'മരുതനായകം' തിരിച്ചുവരുമോ ?

ഉലകനായകൻ കമൽഹാസന്റെ പൂർത്തിയാകാതെ പോയ ഒരു സ്വപ്നപദ്ധതി ആയിരുന്നു ‘മരുതനായകം’. വർഷങ്ങൾക്ക് മുൻപ് മുടങ്ങിപ്പോയ സിനിമയുടെ ചിത്രീകരണം ഉടൻ സാധ്യമാക്കാൻ ഒരുങ്ങുകയാണ് കമൽഹാസൻ എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മരുതനായകത്തിനായി ചർച്ചകൾ ആരംഭിച്ചുവെന്നും റിപ്പോർട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ്, ചിത്രീകരണം ആരംഭിച്ച ശേഷം സാമ്പത്തിക പ്രശ്നങ്ങളാൽ മുടങ്ങിയ ചിത്രമായിരുന്നു ഇത്. അന്ന് 100 കോടിയോളം ചെലവ് കണക്കാക്കിയിരുന്ന ചിത്രം ഇന്ന് ചിത്രീകരിക്കുകയാണെങ്കിൽ വലിയ തുകയാണ് ആവശ്യമായി വരിക. ഇക്കാരണത്താൽ രാജ്യത്തെ പ്രമുഖ നിർമ്മാണ കമ്പനികൾക്ക് പുറമെ അന്താരാഷ്ട്ര നിർമ്മാണ കമ്പനികളെയും കമൽ ഹാസൻ സമീപിച്ചു എന്നാണ് റിപ്പോർട്ട്.

1997ലാണ് കമൽഹാസൻ മരുതനായകം പ്രഖ്യാപിക്കുന്നത്. ചെന്നൈയിലെ എംജിആർ ഫിലിം സിറ്റിയിൽ നടന്ന ഔദ്യോഗിക ഷൂട്ടിംഗ് ഉദ്‌ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് എലിസബത്ത് രാജ്ഞിയായിരുന്നു. രാജ്ഞിയെ കൂടാതെ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി, നടികർ തിലകം ശിവാജി ഗണേശൻ, രജനികാന്ത്, വിജയകാന്ത്, സത്യരാജ്, പ്രഭു, അമരീഷ് പുരി എന്നിവരും ചടങ്ങിൽ ഭാഗമായിരുന്നു. ഷൂട്ടിംഗ് തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോഴേക്കും സാമ്പത്തിക പ്രശ്നങ്ങൾ കാരണം സിനിമ നിർത്തിവെക്കേണ്ടി വന്നു. രാജ് കമല്‍ ഇന്റര്‍നഷണല്‍ സഹനിര്‍മാതാക്കളെ തേടിയതോടെ പങ്കാളിയാകാൻ ഒരു ബ്രിട്ടീഷ് കമ്പനി മുന്നോട്ട് വന്നെങ്കിലും പിന്നീട് പിന്മാറി. ഇതുകൂടാതെ ചിത്രത്തിനെതിരെ ചില ഹിന്ദു സംഘടനകൾ പ്രതിഷേധം ഉയർത്തിയതും കാരണമായി.

മരുതനായകത്തിന്റെ ജീവിതം സിനിമയാക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് പല പരിപാടികളിലും കമൽഹാസൻ പറഞ്ഞിട്ടുണ്ട്. തമിഴിലാണ് സിനിമാ ആദ്യം ഒരുക്കാൻ തീരുമാനിച്ചത് എങ്കിലും പിന്നീട് തെന്നിന്ത്യൻ ഭാഷകളിലേക്കും ഫ്രഞ്ചിലേക്കും മൊഴിമാറ്റി റിലീസ് ചെയ്യാൻ വരെ പദ്ധതിയുണ്ടായിരുന്നു. മാത്രമല്ല, അഭിനേതാക്കളായും, സാങ്കേതിക പ്രവർത്തകരായും നിരവധി വിദേശികളെയും നിശ്ചയിച്ചിരുന്നു. കൂടാതെ ചിത്രത്തിന്റെ പിന്നണി പ്രവർത്തകരായതും ഇന്ത്യയിലെ പ്രമുഖരായിരുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് സംഭാവന നൽകിയ മരുതനായകത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.1690 മുതല്‍ 1801 വരെയുള്ള കാലഘട്ടത്തിൽ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ തുടങ്ങിയ പ്രദേശങ്ങള്‍ ഭരിച്ച രാജവംശമായ ആര്‍കോട്ട് എന്ന രാജവംശത്തിലെ സേനാ നായകനായും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രാദേശിക സേനാ നായകനും 1758ൽ മധുര തിരുനല്‍വേലി ഗവര്‍ണര്‍ പദവികള്‍ വഹിച്ചിരുന്ന ‘മരുതനായകം’ എന്ന പേരിലറിയപ്പെട്ടിരുന്ന മുഹമ്മദ് യൂസഫ് ഖാന്‍ എന്നയാളുടെ ജീവിതമായിരുന്നു കഥ.

2020ൽ കമൽഹാസൻ തന്റെ പ്രോജക്ടിനെക്കുറിച്ച് സംസാരിച്ചപ്പോൾ പറഞ്ഞത് ‘ ചിത്രത്തിലെ കഥാപാത്രത്തിന് ഏകദേശം 40 വയസ് ആണെന്നും, ഇപ്പോൾ ആ കഥാപാത്രം അഭിനയിക്കാൻ പ്രായകൂടുതൽ കാരണം തനിക്ക് സാധിക്കില്ല എന്നുമായിരുന്നു. അതിനാൽ ഒന്നുകിൽ കഥ മാറ്റി എഴുതുകയോ അല്ലെങ്കിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ മറ്റേതെങ്കിലും ചെറുപ്പക്കാരനെ തെരഞ്ഞെടുക്കുകയോ ആണ് വഴി എന്നുമാണ്. അതേസമയം, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ നടൻ വിക്രം എത്തുമെന്നും ചില റിപ്പോർട്ടുകളുണ്ട്. എന്തായാലും എന്നെങ്കിലും സിനിമ പുനരാവിഷ്കരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന കമൽഹാസന്റെ കടുത്ത ആരാധകർക്ക് ഇതൊരു സന്തോഷ വാർത്തായി മാറിയിരിക്കുകയാണ്.