വേട്ടയ്യന്‍ വേട്ട ആരംഭിച്ചു, വൈറലായി സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്റെ ട്രെയിലര്‍; രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പം ഫഹദ് ഫാസിലും

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം വേട്ടയ്യന്റെ ട്രെയ്‌ലര്‍ പുറത്ത്. യൂട്യൂബിലെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് ഇതോടകം വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ടിജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

ഒക്ടോബര്‍ 10 ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന വേട്ടയ്യന് രണ്ട് ദിവസം മുന്‍പാണ് സെന്‍സറിംഗ് പൂര്‍ത്തിയാക്കി യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ചിത്രത്തില്‍ ഫഹദ് ഫാസിലും ശ്രദ്ധേയ കഥാപാത്രമായി എത്തുന്നുണ്ട്. ഫഹദിനെ കൂടാതെ മഞ്ചുവാര്യരും ചിത്രത്തിലുണ്ട്. റാണ ദഗ്ഗുബതി, ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്ത, അഭിരാമി, രീതിക സിംഗ്, കിഷോര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

മാസ് ആക്ഷന്‍ ത്രില്ലറായാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളാലും സമ്പന്നമാണ് സൂപ്പര്‍ സ്റ്റാര്‍ ചിത്രം. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. എസ്ആര്‍ കതിര്‍ ആണ് വേട്ടയ്യന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അന്‍പറിവ് സംഘട്ടനം ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചത്.

Read more