തമിഴകത്തെ ചേർത്ത് പിടിച്ച വെട്രിമാരൻ ; അന്ന് തൊട്ട് ഇന്നു വരെ !

വെട്രിമാരൻ സിനിമകൾക്ക് ആരാധകർ ഏറെയാണ്. ഇന്ത്യൻ സിനിമകളിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആയതുകൊണ്ട് മാത്രമല്ല വെട്രിമാരന്റെ സിനിമകൾക്കായി സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. അടിച്ചമർത്തപ്പെട്ടവരുടെ, അടിസ്ഥാനവര്‍ഗത്തിന്റെ പോരാട്ടങ്ങളെ പകര്‍ത്തി സിനിമകളിലൂടെ ഭയമില്ലാതെ ലോകത്തെ കാണിക്കുന്നതുകൊണ്ടാണ്. പാൻ ഇന്ത്യൻ സിനിമകളും ബിഗ് ബജറ്റ് സിനിമകളും തുടരെ തുടരെ എത്തുന്ന ഈ കാലത്ത് വ്യക്തമായ രാഷ്ട്രീയം പറയുന്ന സിനിമകൾ എടുക്കുന്ന സംവിധായകനാണ് വെട്രിമാരൻ.

അദ്ദേഹത്തിന്റെ സിനിമകൾക്ക് അങ്ങ് തമിഴ്‌നാട്ടിൽ മാത്രമല്ല, ഇവിടെ കേരളത്തിലും പുറത്തുമെല്ലാം ആരാധകരുണ്ട്. ഇതുവരെ ഇറങ്ങിയ ആറു സിനിമകളും ഒന്നിനൊന്ന് മെച്ചമെന്ന് പറയാൻ സാധിക്കുന്നതും ഈയൊരു കാരണം കൊണ്ടുതന്നെയാണ്. ഇതിൽ നാഷണൽ അവാർഡുകൾ വാരിക്കൂട്ടിയ സിനിമകളും ഉണ്ട് എന്നതും എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. വെട്രിമാരൻ സിനിമകളിൽ മിക്കതിനും വയലൻസ് രംഗങ്ങൾ ഉള്ളതിനാൽ ഫാമിലി ഓഡിയൻസ് ഉണ്ടാകാറില്ല. എന്നാൽ യുവാക്കളുടെ വലിയ രീതിയിലുള്ള ഒരു സപ്പോർട്ട് തന്നെ തീയറ്ററുകളിലടക്കം കാണാൻ സാധിക്കാറുണ്ട്.

രണ്ടായിരത്തിൽ തുടക്കത്തിൽ ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാരിൽ ഒരാളായാണ് വെട്രിമാരൻ സിനിമയിലേക്ക് എത്തുന്നത്. ഈ സമയത്താണ് വെട്രിമാരൻ എഴുതിയ ഒരു കഥ ധനുഷ് കേൾക്കാൻ ഇടവരികയും സിനിമ ചെയ്യാം എന്ന് പറഞ്ഞെങ്കിലും നിർമാതാക്കളെ കിട്ടാനില്ലാത്തതിനാൽ ചെയ്യാൻ സാധിക്കാതെ വരികയും ചെയ്തത്. ശേഷം ധനുഷിനോട് പറഞ്ഞ മറ്റൊരു കഥയായിരുന്നു പൊല്ലാതവൻ. 2007ൽ ധനുഷിനെ മുഖ്യ കഥാപാത്രമായി വെട്രിമാരൻ സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രം ധനുഷിന്റെ കരിയർ ബെസ്റ്റ് ചിത്രമായിരുന്നു. ഈ സിനിമയിലൂടെ ആയിരുന്നു ധനുഷ്-വെട്രി കൂട്ടുകെട്ടിന്റെ തുടക്കം.

വെട്രിയുടെ രണ്ടാം ചിത്രത്തിലും ധനുഷ് ആയിരുന്നു ഹീറോ. 2011ൽ പുറത്തിറങ്ങിയ ആടുകളം പരമ്പരാഗതമായി കോഴിപ്പോര് നടത്തി വരുന്ന രണ്ട് പ്രാദേശിക സംഘങ്ങള്‍ തമ്മിലുള്ള പകയും മറ്റ് സംഭവവികാസങ്ങളുമായിരുന്നു പറഞ്ഞത്. ഇന്ത്യൻ സിനിമയിലെ ഡാർക്ക് ത്രില്ലറുകളിൽ ഒന്നായി രേഖപ്പെടുത്തിയ ഒരു ചിത്രമാണിത്. കഥ നടക്കുന്ന ഗ്രാമം, ആളുകൾ, പക, പ്രണയം എല്ലാം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിലാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും എടുത്തു പറയേണ്ട കാര്യമാണ്. 6 നാഷണല്‍ അവാര്‍ഡുകളാണ് ആടുകളം ആ വർഷം നേടിയത്

എം ചന്ദ്രകുമാറിന്റെ ‘ലോക്കപ്പ്’ എന്ന നോവലിനെ വെട്രിമാരൻ സിനിമ രൂപത്തിൽ ഒരുക്കിയതാണ് 2016 ൽ പുറത്തിറങ്ങിയ വിസാരണൈ. നാല് യുവാക്കളെ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുകയും അവർ നേരിടുന്ന ലോക്കപ്പ് മർദ്ദനങ്ങളും മറ്റുമാണ് വിസാരണൈ. ചിത്രത്തിനും നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

എത്ര കണ്ടാലും മതിയാവാത്ത ഒരു ധനുഷ് – വെട്രിമാരൻ കോംബോ ആണ് 2018 ൽ പുറത്തിറങ്ങിയ തമിഴിലെ തന്നെ മികച്ച ഗ്യാങ്‌സ്റ്റർ ചിത്രമായ വടചെന്നൈ. വർഷങ്ങൾക്ക് മുൻപ് നടക്കുന്ന ഒരു കൊലപാതകവും തുടര്‍ന്ന് കുറ്റവാളികള്‍ ജയിലിലെത്തുന്നതും പിന്നീടുള്ള സംഭവങ്ങളുമാണ് സിനിമയിലുള്ളത്. വെട്രിമാരന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ കൂടിയാണ് വടചെന്നൈ. വലിയ താരനിര തന്നെയുളള ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇറങ്ങിയിട്ടുള്ളത്. രണ്ടാം ഭാഗം എന്ന് വരുമെന്ന ചോദ്യവുമായി ഏറെ നാളുകളായി കാത്തിരിക്കുകയാണ് ആരാധകർ.

ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി വെട്രിമാരൻ 2019 ൽ പുറത്തിറക്കിയ സിനിമയാണ് അസുരൻ. ധനുഷ് – വെട്രി കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രം. പൂമണിയുടെ ‘വെക്കയ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പകയും പ്രതികാരവും അതിജീവനവും കലർത്തി ജാതി രാഷ്ട്രീയം പറഞ്ഞ ഒരു സിനിമ. 2021ലെ ദേശീയ പുരസ്‌കാരങ്ങളില്‍ മികച്ച സിനിമയ്ക്കും മികച്ച നടനുമുള്ള പുരസ്‌കാരം അസുരൻ സ്വന്തമാക്കിയിരുന്നു. സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജുവാര്യരും മികച്ച അഭിനയമാണ് കാഴ്ച വച്ചത്.

വെട്രിമാരന്റെ ആറാമത്തെ ചിത്രമാണ് വിജയ് സേതുപതി , സൂരി എന്നിവരെ മുഖ്യ കഥാപാത്രമാക്കി ഈയിടെ പുറത്തിറക്കിയ വിടുതലൈ. 15 വര്‍ഷമായി അദ്ദേഹം മനസ്സില്‍ കൊണ്ടുനടന്ന സ്വപ്‍ന പദ്ധതിയാണ് വിടുതലൈ എന്നാണ് പറയപ്പെടുന്നത്. സിനിമയുടെ തുടക്കത്തിലുള്ള 8 കോടി മുടക്കി ചിത്രീകരിച്ച ട്രെയിൻ അപകടം ഒറ്റ ഷോട്ടിലാണ് വെട്രിമാരൻ ചിത്രീകരിച്ചത് എന്നതും, 4 കോടി രൂപ ബജറ്റിൽ ആദ്യം ആലോചിച്ച ചിത്രം പിന്നീട് 40 കോടി മുതല്‍മുടക്കിലേക്കെത്തി എന്നതും, സിനിമയിൽ തനിക്ക് എന്താണോ വേണ്ടത് അത് കിട്ടണമെന്ന പെർഫെക്ഷന് പ്രാധാന്യം കൊടുക്കുന്ന വെട്രിമാരനെന്ന സംവിധായകന്റെ വാശി ആയിരിക്കാം. രണ്ടു ഭാഗങ്ങളായി വരുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് പുറത്തിറങ്ങിയത്.