'അന്ന് ഫാസിലിന് എന്നോട് ദേഷ്യമായിരുന്നു, മണിചിത്രത്താഴിലെ വേഷം ഉപേക്ഷിക്കാൻ കാരണം ഇതാണ്'; മനസ്സ് തുറന്ന് ജ​ഗതി ശ്രീകുമാർ

ഹാസ്യത്തിലൂടെ മലയാള സിനിമയെ മറ്റൊരു തലത്തിലെത്തിച്ച നടനാണ് ജഗതി ശ്രീകുമാർ. നിരവധി ചിത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജ​ഗതി ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ നിന്ന് പിൻമാറാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് മുൻപ് കെെരളി ടിവിക്ക് നൽകിയ അഭിമുഖമാണ് വീണ്ടും സേഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ഒരു കലാകാരൻ എന്ന നിലയിൽ താൻ പറഞ്ഞ വാക്ക് പാലിക്കാൻ ശ്രമിക്കുന്നയാളാണ് അല്ലെങ്കിൽ അദ്യമേ പറ്റില്ലെന്ന് പറയും. അത് തന്റെ അച്ഛൻ പഠിപ്പിച്ച ശീലമാണ്. സംവിധായകരോട് തനിക്ക് ബഹുമാനമാണുള്ളത്. ഒരു സിനിമയെ സംബന്ധിച്ചിടത്തോഷം അതിന്റെ കപ്പിത്താനാണ് സംവിധായകൻ. അത് പുതിയ ആളുകളാണെങ്കിലും പഴയ ആളുകളാണെങ്കിലും തനിക്ക് അവരോടുള്ള ബഹുമാനത്തിൽ കുറവ് വരില്ലെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ ഒരിക്കൽ താഹ സംവിധാനം ചെയ്യുന്ന ചിത്രത്തിന് താൻ ഡേറ്റ് കൊടുത്ത് നിൽക്കുന്ന സമയത്താണ് ഫാസിലിന്റെ മണിചിത്രത്താഴിലേയ്ക്ക് ക്ഷണം വരുന്നത്. കഥ കേൾക്കുന്നതിന് മുൻപേ അവർ പറഞ്ഞ ഡേറ്റ് തനിക്ക് പറ്റില്ലെന്ന് പറഞ്ഞു. ഒരാൾക്ക് കൊടുത്ത ഡേറ്റ് മാറ്റുന്നത് ശരിയല്ല. അല്ലെങ്കിൽ ഏറ്റെടുക്കരുതായിരുന്നു. മാത്രമല്ല അന്ന് താഹ നവഗതനാണ്.

ഡേറ്റില്ലെന്ന് പറഞ്ഞിട്ടും ഫാസിൽ മൂന്ന് നാല് തവണ പ്രെഡക്ഷൻ കൺട്രോളറെ വിട്ട് തന്നോട് സംസാരിച്ചു.  കൊടുത്ത ഡേറ്റ് മാറ്റാൻ  പറ്റില്ലെന്ന് താൻ പറഞ്ഞതോടെ ഫാസിൽ പിന്നീട് അദ്ദേഹത്തിന്റെ സിനിമകളിലേയ്ക്ക് തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് തന്നോട് പിണക്കം പോലെയായെന്നും ജ​ഗതി പറഞ്ഞു.