ഹിന്ദി സീരിയല്‍ താരം ആത്മഹത്യ ചെയ്തു

പ്രശസ്ത ഹിന്ദി സീരിയല്‍ താരം സമീര്‍ ശര്‍മ്മ ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈയിലെ മലാഡിലെ വസതിയിലാണ് സമീറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി അടുക്കളയിലെ സീലിങ്ങില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് സമീറിനെ കണ്ടെത്തിയത്.

അടുത്തിടെയാണ് മലാഡില്‍ സമീര്‍ ഈ അപാര്‍ട്ട്‌മെന്റ് എടുത്തത്. വാച്ച്മാനാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ടു ദിവസം മുന്നേ മരിച്ചതായാണ് മുംബൈ പൊലീസ് പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ല. പോസ്റ്റമോര്‍ട്ടം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

യെഹ് റിശ്ത ഹെന്‍ പ്യാര്‍ കെ ആണ് ഇപ്പോള്‍ സമീര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സീരിയല്‍. കഹാനി ഖര്‍ഖര്‍ കീ എന്ന സീരിയലിലൂടെയാണ് നടന്‍ അഭിനയരംഗത്തേക്ക് എത്തിയത്. ഫോര്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പവിത്ര റിശ്ത, ഇസ് പ്യാര്‍ കോ ക്യാ നാം.. ദൂ ഏക് ബാര്‍ ഫിര്‍, ഭൂതു, ഇത്തേഫാക് തുടങ്ങിയ അനവധി സീരിയലുകളില്‍ വേഷമിട്ടിട്ടുണ്ട്.

ഹസീ തോ ഫസീ എന്ന സിനിമയില്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. ജൂലൈ 22-ന് വിഷാദരോഗത്തെ കുറിച്ച് സമീര്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരു വ്യക്തി വിഷാദരോഗത്തിലൂടെ കടന്നുപോകുകയും മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി പൊരുതുകയും ചെയ്യുന്ന അവസ്ഥയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.