ലൈംഗിക ആരോപണത്തില്‍ സംരക്ഷിക്കുന്നെന്ന് നടിമാര്‍, ഒടുവില്‍ സാജിദിനെ കൊണ്ട് സഹികെട്ട് സല്‍മാന്‍; നിലക്ക് നിന്നില്ലെങ്കില്‍ പിടിച്ചുപുറത്താക്കുമെന്ന് മുന്നറിയിപ്പ്

ബോളിവുഡ് സംവിധായകന്‍ സാജിദ് ഖാന്‍ ബിഗ് ബോസ് സീസണ്‍ 16ല്‍ എത്തിയത് മുതല്‍ വിവാദങ്ങളായിരുന്നു. സാജിദിനെതിരെ എട്ടോളം യുവതികളാണ് മീടൂ ആരോപണവുമായി രംഗത്തെത്തിയത്. ബിഗ് ബോസിന്റെ പുതിയ പ്രൊമോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിഗ് ഹൗസിനുള്ളിലെ സാജിദിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചു കൊണ്ടാണ് ഹോസ്റ്റ് ആയ സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്.

എന്താണ് സാജിദ് ഹൗസിനുള്ളില്‍ ചെയ്തു കൊണ്ടിരിക്കുന്നത്? എന്നാണ് സല്‍മാന്‍ ചോദിക്കുന്നത്. ഇതിന് ‘സമയം ആകുമ്പോള്‍ പറയാം’ എന്നാണ് സാജിദിന്റെ മറുപടി. ‘നിങ്ങളെ പുറത്താക്കാനുള്ള കാരണം നിങ്ങള്‍ തന്നെ ഉണ്ടാക്കുകയാണ്. നിങ്ങള്‍ ഒരു ഹിപ്പോക്രാറ്റിനെ പോലെയാണ് പെരുമാറുന്നത്. ഒരു നിലപാട് എടുക്കുകയും മാറുകയും ചെയ്യുന്നു’ എന്നാണ് സല്‍മാന്‍ സാജിദിനോട് പറയുന്നത്.

ഈ പ്രൊമോ വൈറലായതോടെ സാജിദിന്റെ എവിക്ഷനുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് പ്രചരിക്കുന്നത്. സാജിദിനെ ഷോയില്‍ നിന്നും മാറ്റണമെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. മീടൂ ആരോപണ വിധേയനായ സംവിധായകനെ ഷോയില്‍ കൊണ്ടുവന്നതാണ് പലരെയും ചൊടിപ്പിച്ചത്.

ഷെര്‍ലിന്‍ ചോപ്ര, തനുശ്രീ ദത്ത, സോന മഹാപത്ര എന്നിങ്ങനെ നിരവധി നടിമാരാണ് സാജിദ് ഖാനെതിരെ രംഗത്തെത്തുന്നത്. രാജ്യത്ത് മീടൂ കാമ്പയിന്‍ ശക്തമായ കാലത്ത് തന്നെ സാജിദ് ഖാന്‍ ആരോപണവിധേയനായിരുന്നു. ഓഡിഷന്റെ പേരില്‍ വിളിച്ചു വരുത്തിയാണ് പീഡനം എന്നാണ് ഇരകള്‍ പറയുന്നത്.

അഭിനയമെന്ന പേരില്‍ വിവസ്ത്രരാകാന്‍ നിര്‍ബന്ധിക്കുകയും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് വനിതാ സിനിമാപ്രവര്‍ത്തകര്‍ ആരോപിച്ചത്. ഒരു മാധ്യമപ്രവര്‍ത്തകയും സജിത് ഖാനെതിരെ രംഗത്ത് വന്നിരുന്നു.

Read more

ബോളിവുഡില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്ത ഒരു നടിയും ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരി വെളിപ്പെടുത്തിയിരുന്നു. ഇത്രയും ആരോപണങ്ങള്‍ ഉണ്ടായിട്ടും സാജിദ് ഖാനെ ഷോയില്‍ പങ്കെടുപ്പിക്കുന്ന അവതാകരന്‍ സല്‍മാന്‍ ഖാനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.