ഒരുപാട് ആളുകള്‍ ചോദിക്കുന്നു ബിഗ് ബോസില്‍ ഉണ്ടാകുമോയെന്ന്? വാര്‍ത്തകള്‍ക്ക് മറുപടിയുമായി റിമി ടോമി

ബിഗ് ബോസ് മലയാളം സീസണ്‍ 3 ആരംഭിക്കാന്‍ പോവുകയാണ്. സീസണില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള നിരവധി പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. രശ്മി നായര്‍ മുതല്‍ ബോബി ചെമ്മണ്ണൂര്‍ വരെയുള്ളവരുടെ പേരുകളാണ് നിലവില്‍ ഉയരുന്നത്. ഗായിക റിമി ടോമിയുടെ പേരും ഈ ലിസ്റ്റിലുണ്ട്.

നിലവില്‍ റിയാലിറ്റി ഷോ ജഡ്ജായ റിമി ഷോയില്‍ ഉണ്ടാകുമെന്നാണ് പ്രേക്ഷകരും കരുതുന്നത്. ബിഗ് ബോസ് 3യില്‍ റിമി ടോമിയും ഉണ്ടെന്ന് പറയുന്നു വീഡിയോകളും വാര്‍ത്തകളും പ്രചരിച്ചതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് റിമി ഇപ്പോള്‍. ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് താരം പ്രതികരിച്ചിരിക്കുന്നത്.

“എന്തിനാണ് ഈ ആളുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഒരുപാട് ആളുകള്‍ ചോദിക്കുന്നു ബിഗ് ബോസില്‍ ഉണ്ടാകുമോ എന്ന്. ഇല്ല എന്ന് ഇവിടെ പറഞ്ഞാല്‍ കാര്യം കഴിഞ്ഞല്ലോ. വ്യാജ വാര്‍ത്തകള്‍ തരണം ചെയ്യാന്‍ ഇതേ ഇപ്പോള്‍ വഴി ഉള്ളൂ”” എന്നാണ് റിമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഷിയാസ് കരീം അടക്കമുള്ള താരങ്ങളും ആരാധകരും റിമിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോഴുള്ള ബഹുമാനം പോകും, ബിഗ് ബോസില്‍ പോകരുത് എന്നൊക്കെയാണ് ചില കമന്റുകള്‍. ചാനല്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കണം എന്ന് നിര്‍ദേശിക്കുന്നവരുമുണ്ട്. അതേസമയം, കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ബിഗ് ബോസ് 3 പ്രഖ്യാപിച്ചത്. നിലവില്‍ മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലാണ്.